മോദി സര്‍ക്കാറിന്റെ നിഷേധാത്മക നയങ്ങള്‍ക്ക് താക്കീത്, പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്; രാജ്യസഭാ, ലോക്സഭാ എം.പിമാരുടെ യോഗം ചേര്‍ന്നു
national news
മോദി സര്‍ക്കാറിന്റെ നിഷേധാത്മക നയങ്ങള്‍ക്ക് താക്കീത്, പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്; രാജ്യസഭാ, ലോക്സഭാ എം.പിമാരുടെ യോഗം ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th August 2022, 2:21 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നയത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭ, രാജ്യസഭ എം.പിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് കോണ്‍ഗ്രസ്. വ്യാഴാഴ്ച രാവിലെ 9:45നാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ എല്ലാ രാജ്യസഭാ, ലോക്സഭാ എം.പിമാരുടെയും യോഗം വിളിച്ചത്.

കഴിഞ്ഞ ദിവസം നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ് സീല്‍ ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നാലെ എം.പിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.

ഇ.ഡി നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഓഫീസ് സീല്‍ ചെയ്തിരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അഴിമതിക്കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇ.ഡി ഓഫീസില്‍ റെയ്ഡ് നടത്തിയത്. ഇതടക്കമുള്ള വിഷയങ്ങള്‍ എം.പിമാരുടെ യോഗത്തില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് പാര്‍ലമെന്റിന്റെ ഇരുസഭയിലും കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. രാവിലെ പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ത്തന്നെ ലോക്സഭയില്‍ അധിര്‍ രഞ്ജന്‍ ചൗധരിയും രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇ.ഡിയുടെ ദുരുപയോഗ വിഷയം ഉയര്‍ത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും മോദി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുകയാണെന്ന് ചൗധരിയും ഖാര്‍ഗെയും പറഞ്ഞു.

അതേസമയം, നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് തവണയായി സോണിയയെ വിളിപ്പിച്ച് ഇ.ഡി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ബന്‍സാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും ചോദ്യം ചെയ്യപ്പെട്ടു. ഏകദേശം അഞ്ച് ദിവസത്തോളമായി 50 മണിക്കൂറോളം സമയമാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്.