ആര്‍.എസ്.എസ് ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയം പ്രണബ് മുഖര്‍ജിയോട് തന്നെ ചോദിക്കണമെന്ന് കോണ്‍ഗ്രസ്
National
ആര്‍.എസ്.എസ് ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയം പ്രണബ് മുഖര്‍ജിയോട് തന്നെ ചോദിക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Tuesday, 29th May 2018, 6:24 pm

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതിയും, പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തയ്ക്ക് മുഖം കൊടുക്കാതെ കോണ്‍ഗ്രസ്സ്.

ഇതേ കുറിച്ച് പ്രണബ് മുഖര്‍ജിയോട് തന്നെ ചോദിക്കണമെന്നും, പ്രതികരിക്കാനില്ല എന്നുമാണ് കോണ്‍ഗ്രസ് വക്താവായ ടോം വടക്കന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ജൂണ്‍ 7ന് നാഗ്പൂരില്‍ വെച്ച് നടക്കുന്ന സംഘ് ശിക്ഷ വര്‍ഗ എന്ന പരിപാടിയെ പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യും എന്ന് ആര്‍.എസ്.എസ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ പ്രണബിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

പ്രണബ് ആര്‍.എസ്.എസ് പരിപാടി സന്ദര്‍ശിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും, ആര്‍.എസ്.എസ് രാജ്യത്തിന് വേണ്ടിയുള്ള സംഘടനയാണെന്നുമാണ് നിതിന്‍ ഗഡ്കരി വിവാദത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

2012 മുതല്‍ 2017 വരെ ഇന്ത്യന്‍ പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ച പ്രണബ്, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമാണ്. സാമ്പത്തികം, പ്രതിരോധം,വിദേശകാര്യം എന്നീ വകുപ്പുകള്‍ പ്രണബ് കൈകാര്യം ചെയ്തിരുന്നു. 60 വര്‍ഷത്തോളം നീളുന്ന രാഷ്ട്രീയ ജീവിതമാണ് പ്രണബിന്റേത്.