തിരുച്ചിറപ്പള്ളി: തമിഴ്‌നാട് കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാന്‍ ഒരുങ്ങി 42 കാരനായ ഓട്ടോറിക്ഷാ ഡ്രൈവറായ കെ. ശരവണന്‍. കുംഭകോണം മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് ലഭിച്ചതോടെയാണ് ശരവണനെ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. 48 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങള്‍ മാത്രമേയുള്ളൂ.
പുതുതായി സ്ഥാപിതമായ നഗരസഭയുടെ പ്രഥമ മേയര്‍ കൂടിയാകും കെ. ശരവണന്‍. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുമുള്ള ശരവണന്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നഗരസഭയിലെ 17ാം വാര്‍ഡില്‍ നിന്നുമാണ് ശരവണന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഡി.എം.കെ അംഗങ്ങളുടെ സഹകരണത്തോടെ നഗരസഭയെ നന്നായി നയിക്കാന്‍ തനിക്ക് കഴിയുമെന്ന് ശരവണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുംഭകോണം ടൗണിലെ തൂക്കംപാളയം തെരുവില്‍ വാടക വീട്ടിലാണ് ശരവണന്‍ താമസിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തുന്നയളാണ് ശരവണന്‍.
അതേസമയം, ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ദളിത് യുവതിയെ ഡി.എം.കെ കഴിഞ്ഞ ദിവസം നാമനിര്‍ദേശം ചെയ്തിരുന്നു. പ്രിയ(28)യാണ് ഡി.എം.കെയുടെ ചെന്നൈ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥി.
ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് പ്രിയ. ഡി.എം.കെയുടെ സഖ്യകക്ഷിയായ സി.പി.ഐ.എമ്മിലെ പ്രിയദര്‍ശിനി(21) ആണ് ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി.
കോര്‍പ്പറേഷനില്‍ ഡി.എം.കെയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയര്‍ പ്രിയയാകും. ചെന്നൈ കോര്‍പ്പറേഷന്‍ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മേയറാണ് പ്രിയ.
താര ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണ് ഇതിന് മുമ്പ് കോര്‍പ്പറേഷന്‍ മേയര്‍ പദവി വഹിച്ച വനിതകള്‍. തിരുവികാ നഗര്‍ സ്വദേശിയായ പ്രിയ കോര്‍പ്പറേഷനിലെ 74ാം വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്.