ആഹാ ടിക് ടോക്കോ!! കളി തത്കാലം അവിടെ നിക്കട്ടെ ഞാന്‍ പോയി ബുട്ട ബൊമ്മ റീല്‍സ് ചെയ്ത് വരാം; വാര്‍ണറിനെ ട്രോളി സോഷ്യല്‍ മീഡിയ
Sports News
ആഹാ ടിക് ടോക്കോ!! കളി തത്കാലം അവിടെ നിക്കട്ടെ ഞാന്‍ പോയി ബുട്ട ബൊമ്മ റീല്‍സ് ചെയ്ത് വരാം; വാര്‍ണറിനെ ട്രോളി സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd March 2022, 10:20 pm

ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്ലിലെ പ്രകടനവും ഓസീസിന് വേണ്ടിയുള്ള കളിമികവുമാണ് താരത്തിന് ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വാര്‍ണറിന്റെ കളി മികവിനേക്കാളും ക്യാപ്റ്റന്‍സിയേക്കാളും കൂടുതല്‍ ഇഷ്ടം താരത്തിന്റെ ടിക് ടോക് വീഡിയോകളും ഇന്‍സ്റ്റഗ്രാം റീല്‍സുമാണ്.

അല്ലു അര്‍ജുന്‍ നായകനായ അലാ വൈകുണ്ഡപുരം എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന പാട്ടിന് ചുവടുവെച്ച് രംഗത്തെത്തിയതോടെയാണ് താരം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനായത്. ഇതിന് പിന്നാലെ അല്ലു അര്‍ജുന്റെ തന്നെ പുഷ്പയിലെ പാട്ടും രംഗങ്ങളും അതുപോലെ തന്നെ അനുകരിച്ചും വാര്‍ണര്‍ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു.

എന്നാലിപ്പോഴിതാ, താരത്തിന്റെ ടിക് ടോക് ക്രേസിനെ വീണ്ടും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഓസ്‌ട്രേലിയ/-പാകിസ്ഥാന്‍ സീരീസിന്റെ സ്‌പോണ്‍സേഴ്‌സിനെ പ്രഖ്യാപിച്ചതോടെയാണ് വാര്‍ണറിനെ വീണ്ടും ട്രോളാന്‍ തുടങ്ങിയത്.

ടിക് ടോക് ആണ് പുതിയ സീരീസിന്റെ സ്‌പോണ്‍സര്‍മാര്‍. ഇതിന് പിന്നാലെയാണ് വാര്‍ണറിന്റെ ബുട്ട ബൊമ്മയും പുഷ്പയും വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചയിലെത്തിയത്.

 

ഇന്ത്യ-ഓസീസ് പരമ്പരയായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പോലെ ബെനൗഡ്-ഖാദിര്‍ ട്രോഫിക്കായാണ് പാകിസ്ഥാനും ഓസീസും ഏറ്റുമുട്ടുന്നത്.

പാകിസ്ഥാന്റെയും ഓസ്‌ട്രേലിയയുടെയും എക്കാലത്തേയും ഇതിഹാസ താരങ്ങളായ റിച്ചി ബെനൗഡിനോടും അബ്ദുല്‍ ഖാദിറിനോടുമുള്ള ആദരസൂചകമായാണ് പരമ്പര നടക്കുന്നത്.

ഇതിനെല്ലാം പുറമെ 1988ന് ശേഷമുള്ള ഓസ്ട്രേലിയയുടെ ആദ്യ പാകിസ്ഥാന്‍ പര്യടനം എന്ന നിലയിലും ഏറെ ആവേശത്തോടെയാണ് ഇരു ടീമിന്റെയും ആരാധകര്‍ ഓസീസ് ടൂറിനെ നോക്കിക്കാണുന്നത്.

മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ടി-20 മത്സരവുമാണ് ഓസീസിന്റെ പാക് പര്യടനത്തിലുള്ളത്.

മാര്‍ച്ച് നാലിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.

Content Highlight: Social media trolls David Warner before Australia-Pakistan Series