ന്യൂദൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. സുരക്ഷാ മേഖലയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നും രാജ്യം ശക്തമായ കൈകളിലല്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം നടന്ന അതെ ദിവസം തന്നെയാണ് ഫരീദാബാദിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. ഈ സർക്കാരിന് സംഭവത്തെ കുറിച്ച് ഇന്റലിജിൻസ് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ലേയെന്നും സുപ്രിയ ചോദിച്ചു.
‘ഇത് വളരെ ആശങ്കാജനകമായ കാര്യമാണ്. ഫരീദാബാദിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത അതെ ദിവസം തന്നെയാണ് സ്ഫോടനം സംഭവിച്ചത്. ഈ സംഭവത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് ഇന്റലിജിൻസ് വിവരങ്ങൾ ഒന്നും ലഭിച്ചില്ലേ? സുരക്ഷാ കാര്യത്തിൽ ഗുരുതരമായ വീഴ്ചകളാണ് സംഭവിക്കുന്നത്. രാജ്യം ശക്തമായ കൈകളില്ല. രാജ്യത്തെ ആത്മവിശ്വാസത്തിൽ നിലനിർത്തികൊണ്ട് നടപടികൾ സ്വീകരിക്കണം,’ സുപ്രിയ പറഞ്ഞു.
രാജ്യം ഇത്രയും ദുഷ്‌കരമായ സമയത്ത് നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശനത്തെയും കോൺഗ്രസ് വക്താവ് വിമർശിച്ചു.
സുരക്ഷാമേഖലയിലെ ഗുരുതര വീഴ്ചകളും പരാജയങ്ങളും പ്രസംഗങ്ങൾ കൊണ്ട് മറയ്ക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടാൽ ചോദ്യങ്ങൾ ഉയരുമെന്നും സുപ്രിയ പറഞ്ഞു.
ഭരണത്തിൽ നിന്നും രാജ്യത്തിൻറെ സുരക്ഷയിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ തിരിയുന്നുവെന്നും ഇത് ആവർത്തിച്ചുള്ള ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്നും പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു.
സ്ഫോടനത്തിനുപിന്നാലെ പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സ്വന്തം പൗരന്മാർ രാജ്യത്ത് മരിച്ചു വീഴുമ്പോൾ നരേന്ദ്ര മോദി വിദേശത്ത് ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയാണെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.
‘സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചു വീഴുമ്പോൾ വിദേശ മണ്ണിൽ ക്യാമറകൾക്കുമുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് രാജ്യത്തെ പ്രധാന സേവകൻ. ഓരോ സ്ഫോടനവും ഓരോ സുരക്ഷാ വീഴ്ചയും നഷ്ട്പ്പെടുന്ന നിരപരാധികളുടെ ജീവനും ദേശീയ സുരക്ഷയുടെ പൂർണമായ തകർച്ചയെ തുറന്നുകാട്ടുന്നു,’ നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് ടി.എം.സി പറഞ്ഞു.
ഓരോ തവണയും ഒന്നും സംഭവിക്കാത്തതുപോലെ ഒരു ഉത്തരവാദിത്തവുമില്ലാതെ നടക്കുന്ന ഒരേ മനുഷ്യൻ അമിത്ഷായാണെന്നും മനസാക്ഷിയുള്ള ആളായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞിരിക്കുമെന്നും അമിത് ഷായെ വിമർശിച്ചുകൊണ്ട് ടി.എം.സി പറഞ്ഞു.
ഇന്ത്യയെ സംരക്ഷിക്കാൻ ശക്തമായ ഒരു സർക്കാർ ആവശ്യമാണ് പ്രധാനമന്ത്രിക്ക് വേണമെങ്കിൽ വേറെ പണിനോക്കാമെന്ന് മഹുവ എക്സിൽ പറഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടത് കഴിവുള്ള ആഭ്യന്തര മന്ത്രിയെയാണെന്നും മുഴുവൻ സമയവും വിദ്വേഷ പ്രചരണം നടത്തുന്ന മന്ത്രിയെയല്ലെന്നും മഹുവ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്രയധികം പരാജയപ്പെടുന്നതെന്നും മഹുവ ചോദിച്ചു.
Content Highlight: Congress criticizes central government over Red Fort blast