പാട്ന: ബീഹാറിലെ എൻ.ഡി.എ സർക്കാർ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നുവെന്നും ഭഗൽപൂരിലെയും സീമാഞ്ചലിലെയും വികസനം അവഗണിക്കുന്നുവെന്നും ആരോപിച്ച് കോൺഗ്രസ്. ഇത്തവണ ജനങ്ങൾ അവരുടെ ഭരണസഖ്യത്തെ വോട്ടു ശക്തി ഉപയോഗിച്ച് പരാജയപ്പെടുത്തി മറുപടി നൽകുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം പറഞ്ഞു.
ഇരട്ട എഞ്ചിൻ സർക്കാർ സീമാഞ്ചലിനെ അവഗണിക്കുകയാണെന്നും ഈ മേഖലയെ ജീർണാവസ്ഥയിലാക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.
ഭഗൽപൂരിലേക്കും സീമാഞ്ചലിലേക്കും എത്തുന്ന പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ മുൻകാല വാഗ്ദാനങ്ങളെ കുറിച്ച് ചോദിക്കാൻ ഉണ്ടെന്ന് ജയറാം രമേശ് എക്സിൽ പറഞ്ഞു.
2015-ൽ ഭഗൽപൂരിൽ 500 കോടി രൂപ ചെലവിൽ 500 ഏക്കറിൽ വിക്രംശില സെൻട്രൽ യൂണിവേഴ്സിറ്റി നിർമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു, എന്നാൽ പത്ത് വർഷത്തിനു ശേഷവും ഒരു ഇഷ്ടിക പോലും വെച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘2014-ൽ മോട്ടീഹാരി ഷുഗർ മില്ലിനെക്കുറിച്ച് പ്രധാനമന്ത്രി ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു, ‘അടുത്ത തവണ ഞാൻ സന്ദർശിക്കുമ്പോൾ ഈ മില്ലിലെ പഞ്ചസാരയിട്ട് ഉണ്ടാക്കിയ ചായ കുടിക്കും.’ പതിനൊന്ന് വർഷം കഴിഞ്ഞു. ജനങ്ങൾ ഇപ്പോഴും ആ ചായക്കായി കാത്തിരിക്കുന്നു. മോട്ടീഹാരിയിലെ ജനങ്ങളോട് പ്രധാനമന്ത്രി എന്തിനാണ് ഇത്രയും നഗ്നമായ നുണ പറഞ്ഞത്,’ ജയറാം രമേശ് ചോദിച്ചു.
2020-ൽ ദർഭംഗ എയിംസിനായി 1,264 കോടി രൂപയുടെ വാഗ്ദാനം നൽകിയിരുന്നുവെന്നും രമേശ് ചൂണ്ടിക്കാട്ടി. ഇതുവരെ കെട്ടിടം നിർമ്മിക്കുകയോ ആശുപത്രി പ്രവർത്തനം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നും വാഗ്ദാനത്തിനപ്പുറം ദർഭംഗ എയിംസ് എപ്പോഴെങ്കിലും യാഥാർത്ഥ്യമാകുമോയെന്നും അദ്ദേഹം ചോദിച്ചു.
സീമാഞ്ചലിൽ ദാരിദ്ര്യവും വികസനമില്ലായ്മയും വ്യാപകമാണെന്നും അരാരിയയിലെ ജനസംഖ്യയുടെ 52%, പൂർണിയയിലെ 50%, കിഷൻഗഞ്ച്-കതിഹാറിലെ 45%-ത്തിലധികം പേരും ഇപ്പോഴും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും നീതി ആയോഗിൽ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ജയറാം രമേശ് പറഞ്ഞു.
രണ്ട് പതിറ്റാണ്ടായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി ഈ മേഖലയിലെ ദാരിദ്ര്യം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് (വ്യാഴം) ആരംഭിച്ചു. 243 സീറ്റുകളിലെ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിങ്.
Content Highlight: Congress accuses NDA in Bihar of making false promises and neglecting development in Bhagalpur and Seemanchal