കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം നല്‍കിയെന്ന പരാതിയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. ജയില്‍ ഡി.ഐ.ജി പി. അജയകുമാര്‍, കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്‍ഫോപാര്‍ക്ക് പൊലീസിന്റേതാണ് നടപടി. ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. ജയില്‍ നിയമപ്രകാരം ഇരുവരും കുറ്റം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ജയിലില്‍ സഹായം നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് നേരത്തെ രണ്ട് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ജയില്‍ വകുപ്പ് തല അന്വേഷണത്തില്‍ ജയില്‍ അധികൃതര്‍ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നല്‍കിയതായി ഹെഡ് ക്വാര്‍ട്ടേഴ്സ് ഡി.ഐ.ജി കണ്ടെത്തുകയായിരുന്നു.
ബോബി ചെമ്മണ്ണൂര്‍ ജയിലിലായിരിക്കുന്ന സമയത്ത്, ബോബി ചെമ്മണ്ണൂരിന്റെ മറ്റൊരു കാറില്‍ ഡി.ഐ.ജി ജയിലിലെത്തി. ബോബി ചെമ്മണ്ണൂരിന്റെ പരിചയക്കാരുടെ പേരുകള്‍ വിസിറ്റേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കാതെ ജയില്‍ സൂപ്രണ്ടിന്റെ റൂമിലിരുന്ന് ബോബി ചെമ്മണ്ണൂരുമൊത്ത് രണ്ട് മണിക്കൂറോളം സംസാരിച്ചുവെന്നും ജയില്‍ സുപ്രണ്ടിന്റെ ടോയിലറ്റടക്കം ബോബി ചെമ്മണ്ണൂരിന് നല്‍കിയെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതിനെ തുടന്നാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ആറുമാസം മാത്രം ബാക്കിനില്‍ക്കെയാണ് പി. അജയകുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടായത്.
നിലവില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ നാല് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. കേരള പ്രിസണേഴ്സ് ആക്ട് 81 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള തുടര്‍ച്ചയായ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. പ്രസ്തുത പരാതിയില്‍ ബോബി പിന്നീട് അറസ്റ്റിലാകുകയുമായിരുന്നു.
Content Highlight: Complaint that Boby Chemmanur was helped in jail; Case against two officials