ബേലൂരില്‍ ഗണപതി വിഗ്രഹത്തില്‍ ചെരുപ്പുകള്‍ കൊണ്ടുവെച്ചതായി പരാതി
India
ബേലൂരില്‍ ഗണപതി വിഗ്രഹത്തില്‍ ചെരുപ്പുകള്‍ കൊണ്ടുവെച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2025, 1:06 pm

ബെംഗളൂരു: കര്‍ണാടകയിലെ ബേലൂരില്‍ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹത്തില്‍ ഒരു ജോഡി ചെരുപ്പ് കൊണ്ടുവെച്ചതായി പരാതി. ഇന്നലെ (ഞായര്‍) രാവിലെയോടെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് വിഗ്രഹത്തില്‍ ചെരുപ്പുകള്‍ കണ്ടത്.

പിന്നാലെ ക്ഷേത്രത്തിന് മുന്നില്‍ നാട്ടുകാര്‍ ചേര്‍ന്ന് വന്‍ പ്രതിഷേധവും നടത്തി. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സൂപ്രണ്ട് മുഹമ്മദ് സുജീതയും പഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയിരുന്നു.

വിഗ്രഹത്തില്‍ ചെരുപ്പ് സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. നിലവില്‍ ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു.

സി.സി.ടി.വി ക്യാമറകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് വ്യക്തതക്കുറവുള്ള ദൃശ്യങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ ദൃശ്യത്തിലുള്ളത് മാനസിക വെല്ലുവിളി നേരിടുന്ന ഒരു സ്ത്രീയാണെന്നാണ് പൊലീസിന്റെ അനുമാനം.

മുഖം തുണികൊണ്ട് മറച്ചാണ് ഈ സ്ത്രീ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സ്ത്രീ ധരിച്ചിരുന്ന ചെരുപ്പും വിഗ്രഹത്തില്‍ കണ്ടെത്തിയ ചെരുപ്പും സാമ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

വിഷയം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.പി മുഹമ്മദ് സുജീത പറഞ്ഞു.

സംഭവം കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വം രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബേലൂര്‍ എം.എല്‍.എ എച്ച്.കെ. സുരേഷിനൊപ്പം ബി.ജെ.പി നേതാവും എം.എല്‍.സിയുമായ സി.ടി. രവി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

സംഭവം ഹിന്ദുക്കളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സി.ടി. രവി പ്രതികരിച്ചത്. വിഗ്രഹം അശുദ്ധമായെന്ന് പറഞ്ഞ് ക്ഷേത്ര ഭാരവാഹികള്‍ ശുദ്ധികലശവും നടത്തിയിട്ടുണ്ട്.

Content Highlight: Complaint of impuring of Ganesha idol in Karnataka