കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയെന്ന് പരാതി; വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍
Kerala News
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയെന്ന് പരാതി; വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th May 2025, 3:33 pm

കൊല്ലം: നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ കുറച്ച് ദിവസമായി വിനായകനും ജയസൂര്യ ഉള്‍പ്പെടെയുള്ള സിനിമ നടന്മാരും അണിയറപ്രവര്‍ത്തകരും സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയായതിന് പിന്നാലെ വിനായകനൊഴികെ മറ്റെല്ലാവരും ഹോട്ടലില്‍ നിന്ന് മടങ്ങിയിരുന്നു.

എന്നാല്‍ വിനായകന്‍ ഹോട്ടലില്‍ തന്നെ തുടരുകയായിരുന്നു. റൂം ഒഴിയാന്‍ വിസമ്മതിച്ചതോടെ ഹോട്ടല്‍ ജീവനക്കാരും വിനായകനും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു.

വിനായകന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. മെഡിക്കല്‍ പരിശോധനക്കെത്തിച്ചപ്പോള്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോടും വിനായകന്‍ കയര്‍ത്തു സംസാരിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

നിലവില്‍ വിനായകന്‍ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലാണ്. ഇവിടെയും വിനായകന്‍ പ്രശ്‌നമുണ്ടാക്കി കൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Complaint alleging that he caused trouble at a five-star hotel in Kollam; Vinayakan in police custody