ലഖ്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പടെ ആറ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് പരാതി. രാഹുല്‍ ഗാന്ധിക്ക് പുറമെ, രാജ്യസഭാംഗം സോണിയ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി വദ്ര, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ജയറാം രമേശ് എന്നിവര്‍ക്കെതിരെയാണ് പരാതി. ലഖ്നൗ കോടതിയിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുന്‍ സെന്‍ട്രല്‍ ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിപേന്ദ്ര പാണ്ഡെയാണ് പരാതി നല്‍കിയത്. പരാതിയില്‍ എം.പി/എം.എല്‍.എ കോടതിയിലെ സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അലോക് വര്‍മ കേസടുക്കാന്‍ നിര്‍ദേശം നല്‍കി. ഒക്ടോബര്‍ ഒന്നിന് കേസില്‍ പരാതിക്കാരന്റെ വാദം കേള്‍ക്കും.
ജനുവരി 15ന് ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ പുതിയ ഹെഡ് ക്വാര്‍ട്ടേഴ്സ് ഇന്ദിര ഭവന്റെ ഉദ്ഘാടന ചടങ്ങിനിടെ രാഹുല്‍ ഗാന്ധി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാണ് പരാതി. പരിപാടിക്കിടെ രാഹുല്‍ ബി.ജെ.പിക്കും, ആര്‍.എസ്.എസിനും ഇന്ത്യക്കെതിരെയും പോരാടുകയാണെന്ന് പറഞ്ഞുവെന്നാണ് ആരോപണം. രാഹുല്‍ ഈ പരാമര്‍ശം നടത്തുമ്പോള്‍ മറ്റ് ആരോപണ വിധേയര്‍ വേദിയില്‍ ഉണ്ടായിരുന്നെന്നും പക്ഷേ, രാഹുലിനെ തിരുത്താതെ മൗനമായിരുന്ന് അതിനെ പിന്തുണച്ചുവെന്നുമാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.
‘രാഹുല്‍ ഗാന്ധി വളരെ സന്തുലിതമായ മനസികാവസ്ഥയിലാണ് ഈ പ്രസ്താവന നടത്തിയത്. ഇത് രാജ്യത്തെ അസ്ഥിരപ്പെടുത്താനും ഭിന്നിപ്പിക്കാനും മനപൂര്‍വമായ ഉദ്യേശത്തോടെയുള്ളതാണ്.
അപകടകരമായ ഉദ്യേശങ്ങളോടെ രാഹുല്‍ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ അനാവശ്യമായി ചോദ്യം ചെയ്യുകയാണ്. ഇത് ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതികളുടെ ഭാഗമാണ്,’ നിപേന്ദ്ര പാണ്ഡെ പരാതിയില്‍ പറയുന്നു.
സെപ്റ്റംബര്‍ 18ന് രാഹുല്‍ ഗാന്ധി മുഖ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കള്ളന്മാരെയും ജനാധിപത്യം നശിപ്പിച്ച ആളുകളെയും സംരക്ഷിക്കുന്നുവെന്ന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.