തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയില്‍ മൊഴി നല്‍കി യുവനടി. രാഹുലിനെതിരായ തെളിവുകളും നടി പ്രത്യേക അന്വേഷണസംഘമായ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ് നടി മൊഴി നല്‍കിയത്.
രാഹുലിനെതിരെ ആദ്യമായി പരാതിയുമായി രംഗത്തെത്തിയ യുവനടിയാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് രാഹുലിന് എതിരെ കൂടുതല്‍ പരാതികള്‍ പുറത്തെത്തിയത്.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തില്‍ നടിക്ക് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും കൈമാറിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വന്ന 13 പരാതികളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ പരാതികളില്‍ അധികവും മൂന്നാംകക്ഷി നല്‍കിയതാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും ഇരകളെ സമീപിക്കുക.
നേരത്തെ, രാഹുലിന് എതിരെ നിയമപോരാട്ടത്തിന് താത്പര്യമില്ലെന്ന് അറിയിച്ച് ഇരകളായ രണ്ട് യുവതികള്‍ രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെമൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് യുവതികള്‍ അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ ഇവര്‍ അറിയിച്ചത്. കേസില്‍ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം സമീപിച്ചപ്പോഴാണ് പരാതിക്കാരായ രണ്ടുപേര്‍ പിന്മാറിയത്.
ഇതുവരെ ഇരകളായവര്‍ പരാതിയുമായി നേരിട്ട് അന്വേഷണസംഘത്തെ സമീപിച്ചിട്ടില്ല. മൂന്നാം കക്ഷികള്‍ നല്‍കിയ പരാതികളാണെങ്കിലും ആരോപണങ്ങള്‍ ഗുരുതരമാണെന്നിരിക്കെ പൊലീസിന്റെ നിലപാട് കൂടി കണക്കിലെടുത്തായിരിക്കും കേസില്‍ തുടരന്വേഷണം നടക്കുക.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതികളുടെ പരമ്പര തന്നെയാണ് പുറത്തെത്തിയത്. പ്രണയം നടിച്ച് പീഡനത്തിനിരയാക്കി, സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, വധഭീഷണി മുഴക്കി തുടങ്ങി നിരവധി പരാതികളാണ് രാഹുലിനെതിരെ ഉയര്‍ന്നത്.
യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഇതിനിടെ, രാഹുലിനെതിരെ ശക്തമായ നടപടികളെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച രാഹുലിന് എതിരെ സ്വന്തം പാളയത്തില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.
പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തന്നെ തര്‍ക്കങ്ങള്‍ തുടരുകയാണ്.
Content Highlight: Complaint against Rahul Manmkootathil: Young actress gives statement to investigation team