കെ.ജി.എഫ് സിരീസിന് പിന്നാലെ കന്നഡ ഇന്‍ഡസ്ട്രിയുടെയും യഷിന്റെയും തലവര മാറിയെന്ന് തന്നെ പറയാം. ആരും തിരിഞ്ഞുനോക്കാതെ കിടന്ന ഇന്‍ഡസ്ട്രി കെ.ജി.എഫിന് ശേഷം പാന്‍ ഇന്ത്യന്‍ ശ്രദ്ധ സ്വന്തമാക്കി. എന്നാല്‍ കെ.ജി.എഫിന് മുമ്പുള്ള യഷിന്റെ സിനിമകള്‍ പലപ്പോഴും ട്രോളന്മാരുടെ ഇരയായി മാറുകയാണ്.
അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ചര്‍ച്ചാവിഷയം. 2014ല്‍ പുറത്തിറങ്ങിയ ഗജകേസരി എന്ന ചിത്രമാണ് ചര്‍ച്ചയാകുന്നത്. ഒറിജിനലിനെക്കാള്‍ മികച്ച റീമേക്കെന്നാണ് കൃഷ്ണ എസ്.ആര്‍.കെ എന്ന പേജ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. റാം ചരണിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത മഗധീരയെക്കാള്‍ മികച്ചതാണ് ഗജകേസരിയെന്നാണ് ഇയാള്‍ അഭിപ്രായപ്പെടുന്നത്.
ഗജകേസരിയില്‍ യഷിന്റെ കഥാപാത്രം മരിക്കുന്ന രംഗം ഉള്‍പ്പെടുത്തിക്കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ കമന്റ് ബോക്‌സില്‍ പോസ്റ്റിനെ കളിയാക്കിക്കൊണ്ടുള്ള കമന്റുകളാണ് കൂടുതലും. ഗജകേസരി മഗധീരയുടെ റീമേക്കല്ലെന്നും ഐഡിയ കോപ്പിയടിച്ചതാണെന്നുമാണ് ഭൂരിഭാഗം കമന്റുകളും. യഷിന്റെ അഭിനയവും ട്രോളിന് ഇരയാകുന്നുണ്ട്.
‘മരിക്കുന്ന രംഗത്തിലെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ കരച്ചിലിന് പകരം ചിരിയാണ് വരുന്നത്’, ‘കെ.ജി.എഫ് ഇല്ലായിരുന്നെങ്കില്‍ ട്രോള്‍ മെറ്റീരിയലായേനെ’, ‘രാജമൗലിയൊന്നും ഈ പോസ്റ്റ് കാണണ്ട’ എന്നിങ്ങനെ ധാരാളം കമന്റുകള്‍ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം തമാശകള്‍ ഇനി പറയരുതെന്നുള്ള കമന്റുകളും കാണാന്‍ സാധിക്കും.
മഗധീരയിലെ വണ്‍ vs 100 ഫൈറ്റ് സീനിന്റെ അത്രപോലും പെര്‍ഫക്ഷന്‍ ഗജകേസരിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആക്ഷന്‍ സിനിമ എന്നതിനെക്കാള്‍ കോമഡി സിനിമ എന്ന പേരാണ് ഇതിന് ചേരുകയെന്നും ട്രോളുകള്‍ വരുന്നുണ്ട്. 11 വര്‍ഷത്തിനിപ്പുറം യഷിന്റെ പഴയ സിനിമ ട്രോള്‍ മെറ്റീരിയലായി മാറിയതിന്റെ നിരാശയിലാണ് ആരാധകര്‍.
കെ.ജി.എഫ് 2 പുറത്തിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും യഷിന്റേതായി ഒരു സിനിമ പോലും പുറത്തിറങ്ങിയിട്ടില്ല. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിന്റെ ഷൂട്ട് നീണ്ടു പോവുകയാണ്. നിതേശ് തിവാരി ഒരുക്കുന്ന രാമായണയില്‍ രാവണനായും യഷ് വേഷമിടുന്നുണ്ട്. കൈയില്‍ കിട്ടിയ പാന്‍ ഇന്ത്യന്‍ ഇമേജ് കാത്തുസൂക്ഷിക്കാന്‍ യഷിന് സാധിക്കുന്നില്ലെന്നും ചിലര്‍ ആരോപിക്കുന്നു.
Content Highlight: Comparison between Yash’s Gajakesari movie and Magadheera became viral