'നോട്ട് നിരോധനം സാമ്പത്തിക പ്രതിസന്ധിക്ക് കാരണം'; മോദിയുടെ നടപടിക്കെതിരെ വിരല്‍ചൂണ്ടി കമ്പനികള്‍
Economic Recession
'നോട്ട് നിരോധനം സാമ്പത്തിക പ്രതിസന്ധിക്ക് കാരണം'; മോദിയുടെ നടപടിക്കെതിരെ വിരല്‍ചൂണ്ടി കമ്പനികള്‍
ന്യൂസ് ഡെസ്‌ക്
Saturday, 7th September 2019, 8:03 am

രാജ്യത്തെ വ്യവസായ മേഖല വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നിന്ന് ആരംഭിച്ച പ്രതിസന്ധി മറ്റ് മേഖലകളെയും ബാധിച്ചിട്ടുണ്ടെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രതിസന്ധി തുടരവേ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി കമ്പനികള്‍ രംഗത്തെത്തി.

ഹോണ്ട മോട്ടോര്‍സ് ഇന്ത്യ മേധാവി മിനോറു കാറ്റോ നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് പറഞ്ഞു. ഇന്ത്യന്‍ വിപണിയുടെ അടിസ്ഥാന കാര്യങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തളര്‍ച്ചയിലാണ്. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പിലാക്കിയത്, സാമ്പത്തിക ഞെരുക്കം, മറ്റ് കാര്യങ്ങള്‍ എന്നിവയാണ് അതിനുള്ള കാരണം. എന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ചക്കുള്ള അടിസ്ഥാന കാര്യങ്ങള്‍ ശക്തമാണ്-മിനോറു കാറ്റോ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജിഎസ് ഓട്ടോ ലുധിയാന മേധാവി ജസ്ബീര്‍ സിംഗും നോട്ട് നിരോധനമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞു. സര്‍ക്കാര്‍ ആര്‍.ബി.ഐ വഴി വലിയ ഇടപെടല്‍ നടത്തിയിട്ടും നിര്‍മ്മാതാക്കള്‍ ഡിസ്‌ക്കൗണ്ട് നല്‍കിയിട്ടും എന്തുകൊണ്ടാണ് വാഹന വില്‍പ്പന വര്‍ധിക്കാത്തതെന്ന കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ചോദ്യത്തിനായിരുന്നു വ്യവസായിയുടെ തുറന്നടിച്ച നടപടി.

ഓട്ടോമോട്ടീവ് കോമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.സി.എം.എ)യുടെ വാര്‍ഷിക ഉച്ചകോടിയിലായിരുന്നു സംഭവം. സര്‍ക്കാര്‍ ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടും മാന്ദ്യത്തിനുള്ള കാരണം ആരായുകയായിരുന്നു അനുരാഗ് താക്കൂര്‍. അപ്പോഴാണ് ജസ്ബീര്‍ സിംഗ് മറുപടി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘നോട്ട് നിരോധനത്തിന്റെ വൈകിവന്ന പ്രത്യാഘാതമാണിത്. ജനങ്ങളുടെ കൈയില്‍ പണമില്ല.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ അദ്ദേഹത്തിന്റെ മറുപടിയോട് പ്രതികരിക്കാതെ താക്കൂര്‍ നന്ദി എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

പിന്നാലെ നോട്ട് നിരോധനത്തിന്റെ വൈകിവന്ന പ്രത്യാഘാതമാണ് ഇതെങ്കില്‍ ഇതില്‍ നിന്നും എങ്ങനെ മുന്നോട്ട് പോകുമെന്നും താക്കൂര്‍ ചോദിച്ചു.

മറ്റ് കമ്പനി മേധാവികളും പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കവേ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കിയ പ്രതിഫലനത്തെ കുറിച്ച് സൂചിപ്പിരുന്നു.