തിരുപ്രംകുണ്ഡ്രം: ബി.ജെ.പിയും സംഘപരിവാറും സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷം തടഞ്ഞ ഡി.എം.കെ സര്‍ക്കാരിന് അഭിനന്ദനം: ഇടതുപാര്‍ട്ടികള്‍
India
തിരുപ്രംകുണ്ഡ്രം: ബി.ജെ.പിയും സംഘപരിവാറും സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷം തടഞ്ഞ ഡി.എം.കെ സര്‍ക്കാരിന് അഭിനന്ദനം: ഇടതുപാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2025, 10:00 pm

ചെന്നൈ: തിരുപ്രംകുണ്ഡ്രം കാര്‍ത്തിക ദീപം തെളിയിക്കല്‍ വിവാദത്തില്‍ ബി.ജെ.പിയും സംഘപരിവാറും വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നെന്ന് സി.പി.ഐ.എം, സി.പി.എം.എല്‍ ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന.

തമിഴ്‌നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ബി.ജെ.പിയും മറ്റ് ഹിന്ദുത്വ ശക്തികളും നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നു. തുരുപ്രംകുണ്ഡ്രം കുന്നിന് മുകളിലെ മൂന്ന് ക്ഷേത്രങ്ങളും ഒരു ദര്‍ഗയും നിരവധി ജൈന ഗുഹകളും നൂറ്റാണ്ടുകളായി അവിടെ നിലകൊള്ളുന്നുണ്ട്.

ഇത് സാമുദായിക ഐക്യത്തിന്റെയും സമാധാന സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമാണ്.  എന്നാല്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ ബി.ജെ.പി നേതാക്കള്‍ തിരുപ്രംകുണ്ഡ്രത്തെ ‘ദക്ഷിണേന്ത്യയുടെ അയോധ്യ’ എന്ന് മുദ്രകുത്തിയെന്ന് സി.പി.ഐ.എം, സി.പി.എം.എല്‍, ആര്‍.എസ്.പി, എ.ഐ.എഫ്.ബി തുടങ്ങിയ പാര്‍ട്ടികളുടെ ജനറല്‍ സെക്രട്ടറിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് പ്രകോപനം സൃഷ്ടിക്കാനാണ് ഹിന്ദുത്വ വാദികളുടെ ശ്രമം. ഭിന്നതയുണ്ടാക്കാനായി സോഷ്യല്‍മീഡിയയും ഉപയോഗിച്ചു.

DMK Appreciated by Left parties

തിരുപ്രംകുണ്ഡ്രം കുന്ന് : Photo : Express file

സിക്കന്ദര്‍ ബാദുഷ ദര്‍ഗയോട് ചേര്‍ന്നുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ സര്‍വേ സ്തംഭത്തിന് മുകളില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഹരജിക്കാരനെ അനുവദിച്ചതിലൂടെ കോടതി വര്‍ഗീയ ശക്തികള്‍ക്ക് കൈത്താങ്ങായെന്നും ഹരജിക്കാരന് സുരക്ഷ നല്‍കാന്‍ അനുമതി നല്‍കുകയും ചെയ്‌തെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഈ വിധി ക്രമസമാധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെ മറികടന്ന് ഭരണഘടനയുടെ ഫെഡറല്‍ മനോഭാവത്തെ ദുര്‍ബലപ്പെടുത്തുകയാണ്, പ്രസ്താവനയില്‍ പറയുന്നു.

തിരുപ്രംകുണ്ഡ്രം കുന്നിന്‍ മുകളില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള വിധി പുറപ്പെടുവിച്ചത് മദ്രാസ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചാണ്. ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ ജില്ലാകളക്ടര്‍ കെ.ജെ പ്രവീണിനെ നിവേദനവുമായി സമീച്ചിരുന്നു.

വര്‍ഗീയ സംഘടനകള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കുചേരാന്‍ വിസമ്മതിച്ച, സംസ്ഥാനത്തിന്റെ ബഹുസ്വര പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മധുരയിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ ഇടതുപക്ഷ പാര്‍ട്ടികള്‍ അഭിനന്ദിക്കുന്നു.

ഈ വിഷയം ശക്തമായി കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനത്തെ ഡിഎംകെ സര്‍ക്കാരിന്റെ സമീപനം മാതൃകാപരമാണെന്നും പ്രസ്താവനയില്‍ അഭിനന്ദിച്ചു.

Content Highlight: Thirupparanmkundram: communal tension created by the BJP and the Sangh Parivar, Left parties congratulate the DMK government  preventing