ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്റ്റാണ് ആമിര്‍ ഖാന്‍. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴും അടുത്തൊരു സിനിമക്കായി വര്‍ഷങ്ങള്‍ മാറ്റിവെക്കാന്‍ ഒരിക്കലും മടിക്കാത്ത നടന്‍. 1989 ല്‍ പുറത്തിറങ്ങിയ രാഖ് എന്ന ചിത്രത്തിലെയും 1998 ല്‍ തിയേറ്ററുകളില്‍ എത്തിയ ഗുലാമിലെയും കഥാപാത്രത്തിന്റെ പൂര്‍ണതക്കായി ആഴ്ചകളോളം കുളിക്കാതെ അയാള്‍ അഭിനയിച്ചിട്ടുണ്ട്.
ഗജനിക്ക് വേണ്ടി മസില്‍ ബോഡി ഉണ്ടാക്കിയെടുത്ത് പ്രേക്ഷകരെ ഞെട്ടിച്ചു. ദംഗലില്‍ 97 കിലോ ഭാരമുള്ള മധ്യവയസ്‌കന്‍ മഹാവീര്‍ സിങ് ഫോഗട്ട് ആയും 68 കിലോയുള്ള യങ് ഗുസ്തിക്കാരന്‍ മഹാവീര്‍ സിങ് ഫോഗട്ട് ആയും എത്തിയത് ആമിര്‍ തന്നെയായിരുന്നു. 97 ല്‍ നിന്ന് 68 ലേക്ക് അഞ്ച് മാസത്തിനുള്ളില്‍ നടത്തിയ ഗംഭീര ട്രാന്‍സ്‌ഫോര്‍മേഷന്‍ വയറലായിരുന്നു. സിനിമക്ക് വേണ്ടി ആരോഗ്യം പോലും നോക്കാതെയുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷനാണ് ആമിറിനെ ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആക്കിയത്. ഹിന്ദിയിലെ ആദ്യത്തെ 100, 200, 300, 700, 1000 കോടി ചിത്രങ്ങള്‍ ആമിറിന്റെ പേരിലാക്കി നല്‍കിയാണ് സിനിമ പ്രേമികള്‍ മിസ്റ്റര്‍ പെര്‍ഫക്റ്റിനോടുള്ള സ്‌നേഹം അറിയിച്ചത്.
എന്നാല്‍ പി.കെ എന്ന ബമ്പര്‍ ഹിറ്റിന് ശേഷം ദംഗല്‍ അല്ലാതെ പറയത്തക്ക ഹിറ്റുകള്‍ അയാള്‍ക്ക് ലഭിച്ചില്ല. പി.കെയ്ക്ക് ശേഷം ആമിര്‍ ഖാന് എതിരെ പലപ്പോഴും സംഘപരിവാര്‍ അനുകൂലസംഘടനകള്‍ രംഗത്തെത്തിയിരുന്നു. താരം രാജ്യവിരുദ്ധനാണെന്നും അയാളുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നെല്ലാം പലരും അഭിപ്രായപ്പെട്ടിരുന്നു. രാപ്പകലില്ലാതെ, വര്‍ഷങ്ങളോളം അദ്ദേഹം കഷ്ടപ്പെട്ട് തിയേറ്ററുകളിലെത്തിയ ലാല്‍ സിങ് ചദ്ദ ദയനീയമായി പരാജയപ്പെട്ടു. ഒരു ആവറേജ് വിജയമെങ്കിലും അര്‍ഹിച്ച ചിത്രത്തിനെതിരെയുള്ള ബോയ്‌കോട്ടുകളും ഹെയ്റ്റ് ക്യാമ്പുകളും വിജയം കണ്ടു.
ലാല്‍ സിങ് ഛദ്ദയുടെ പരാജയം അദ്ദേഹത്തെ പാടെ തകര്‍ത്തു. അഭിനയം നിര്‍ത്തുന്നു എന്ന് വരെ ബോളിവുഡിലെ ആ പെര്‍ഫെക്ഷനിസ്റ്റിന് പറയേണ്ടിവന്നു.
എന്നാല്‍ അങ്ങനെയൊന്നും തോല്‍ക്കാന്‍ ആമിര്‍ ഖാന്‍ തയ്യാറല്ല. സിതാരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെ തന്റെ ഹേയ്‌റ്റേഴ്‌സിന് മറുപടി നല്‍കുകയാണ് ബോളിവുഡിലെ ഓ.ജി സൂപ്പര്‍സ്റ്റാര്‍.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആമിര്‍ ഖാന്‍ ചിത്രമാണ് സിതാരേ സമീന്‍ പര്‍. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായാണ് ചിത്രമെത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷയായി 90 ദിവസത്തേക്ക് സാമൂഹ്യ സേവനം ചെയ്യേണ്ടിവരുന്ന ഒരു ബാസ്‌കറ്റ് ബോള്‍ കോച്ചിന്റെ കഥ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് മാറ്റിയെടുത്ത ചിത്രം പ്രേക്ഷകരുടെ മനസ് നിറച്ച് ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. 100 കോടിക്ക് മുകളില്‍ സിതാരേ സമീന്‍ പര്‍ ഇതുവരെ കളക്ട് ചെയ്തു.
നല്ല സിനിമ ചെയ്താല്‍ തന്റെ പ്രേക്ഷകര്‍ തന്നെ ഒരിക്കലും കൈവിടില്ലെന്ന ആമിര്‍ ഖാന്റെ ഉറച്ച വിശ്വാസമാണ് ഇന്ന് സിതാരേ സമീന്‍ പര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മുന്നില്‍ കാണുന്ന ഹൗസ്ഫുള്‍ ബോര്‍ഡുകള്‍. 120 കോടി വരെ ഓഫര്‍ ഉണ്ടായിട്ടും ഒ.ടി.ടിക്ക് ചിത്രം വില്‍ക്കാതിരുന്നതും നേരത്തെ പറഞ്ഞ അതെ വിശ്വാസം കൊണ്ടാണ്.
ഓപ്പറേഷന്‍ സിന്ദൂറിനെ അനുകൂലിച്ച് ആമിര്‍ പോസ്റ്റിട്ടില്ല, തുര്‍ക്കി സന്ദര്‍ശിച്ചു, ലവ് ജിഹാദ് തുടങ്ങി ആമിറിന്റെ പേരിന്റെ അറ്റത്തെ ഖാനിനെ വരെ പല തീവ്ര വലതുപക്ഷാനുകൂലികളും വിമര്‍ശിച്ചിട്ടും സിനിമ അയാള്‍ക്ക് വേണ്ടി സംസാരിച്ചു.
‘എനിക്ക് തിയേറ്ററുകളില്‍ വിശ്വാസമുണ്ട്. എന്റെ പ്രേക്ഷകരില്‍ എനിക്ക് വിശ്വാസമുണ്ട്. ഒരു നല്ല സിനിമ ചെയ്താല്‍ അത് വലിയ സ്‌ക്രീനില്‍ കാണാന്‍ ജനങ്ങള്‍ വരും,’ എന്ന ആമിറിന്റെ ആ കോണ്‍ഫിഡന്‍സാണ് ഹേറ്റേഴ്‌സിനുള്ള മറുപടി.