വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈല്‍ യുദ്ധത്തിനെതിരെ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്ത് പ്രതിഷേധിച്ച 22 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത് കൊളംബിയ സര്‍വകലാശാല. വിദ്യാര്‍ത്ഥികളുടെ ബിരുദം താത്കാലികമായി റദ്ദാക്കുകയും ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊളംബിയ സര്‍വകലാശാലയ്ക്കുള്ള ഫെഡറല്‍ ഫണ്ട് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നടപടി.
ആറ് വിദ്യാര്‍ത്ഥികള്‍ പുറത്താക്കല്‍ നടപടി നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെഡറല്‍ ഫണ്ട് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന്, തീരുമാനം പിന്‍വലിക്കണമെങ്കില്‍ തങ്ങളുടെ ഡിമാന്‍ഡുകള്‍ക്ക് വഴങ്ങണമെന്ന് ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ കൊളംബിയ സര്‍വകലാശാലയെ അറിയിച്ചിരുന്നു.
പ്രസ്തുത സംഭവത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹ്‌മൂദ് ഖലീല്‍ എന്ന വിദ്യാര്‍ത്ഥിയുടെ അറസ്റ്റില്‍ ട്രംപിനെതിരെ ജൂത സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍വകലാശാലയുടെ സസ്പെന്‍ഷന്‍ നടപടി.
അതേസമയം ക്യാമ്പസിലെ ജൂതവിരുദ്ധതയ്ക്കെതിരെ നടപടിയെടുത്തില്ലെന്ന് കാണിച്ചാണ് സര്‍വകലാശയ്ക്കുള്ള ഫണ്ടിങ് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചത്. യൂണിവേഴ്സിറ്റിക്ക് നല്‍കി വരുന്ന 400 മില്യണ്‍ ഡോളര്‍ ഫണ്ടും ഗ്രാന്റുകളുമാണ് ട്രംപ് ഭരണകൂടം റദ്ദാക്കിയത്.
നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായിരുന്നു ഖലീലിന്റെ അറസ്റ്റും. ഹാമില്‍ട്ടണ്‍ ഹാള്‍ കൈയേറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി ട്രംപിന്റെ ഡിമാന്‍ഡുകള്‍ക്ക് കൊളംബിയ സര്‍വകലാശാല വഴങ്ങിക്കൊടുത്തതിന്റെ സൂചനയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Columbia University expels, suspends and revokes degrees of 22 students