മുഖ്യമന്ത്രിയുടെ സുരക്ഷ: കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
Kerala News
മുഖ്യമന്ത്രിയുടെ സുരക്ഷ: കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th June 2022, 5:32 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി നടക്കുന്ന വേദിക്കരികെ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെഡന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലാണ് കറുത്ത വസ്ത്രം ധരിച്ച രണ്ട് പേരെ പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാവിന്യാസമാണ് കൊച്ചിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് കസ്റ്റഡിയിലെടുത്തവരുടെ പ്രതികരണം.

കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് മാസ്‌ക് മാറ്റണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. പൊതുവായ സര്‍ജിക്കല്‍ മാസ്‌ക് സംഘാടകര്‍ തന്നെ വിതരണം ചെയ്യുകയാണ്. പൊതു പ്രോട്ടോക്കോള്‍ പാലിക്കണം എന്നാണ് ആവശ്യം. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടിയത്. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

CONTENT HIGHLIGHTS: CM’s security, Police take into custody black-dressed transgender women