തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ അവധിക്കാലത്തിന് മുമ്പ് തന്നെ വിതരണം ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.
അധ്യയനം ആരംഭിച്ചിട്ടും പുസ്തകങ്ങള്‍ ലഭിക്കാതെ കുട്ടികള്‍ വലഞ്ഞിരുന്ന ഒരു കെട്ടകാലം കേരളത്തിനുണ്ടായിരുന്നെന്നും അവിടെ നിന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകം വിതരണം ചെയ്യുന്ന നിലയിലേക്ക് നാട് വളര്‍ന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ മൂലം സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിത്. ഈ നേട്ടത്തെ മുന്‍ പ്രതിപക്ഷ നേതാവ് ‘തുഗ്ലക്ക് പരിഷ്‌കാരം’ എന്ന് ആക്ഷേപിച്ചത് പരിഹാസ്യവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
2026-27 അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ, 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാന തല വിതരണത്തിന് തുടക്കം കുറിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്‌കൂളുകള്‍ അടച്ചുപൂട്ടി, കുഞ്ഞുങ്ങള്‍ തെരുവിലിറങ്ങേണ്ടി വന്ന യു.ഡി.എഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള നമ്മുടെ വളര്‍ച്ചയെ താറടിക്കുന്ന ഏത് പരാമര്‍ശവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. അധിക്ഷേപങ്ങള്‍ക്ക് തെല്ലും വില കല്‍പിക്കാതെ മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
അതേസമയം, അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്നറിയാതെയാണോ പാഠപുസ്തകം വിതരണം ചെയ്യുന്നത്? എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി ഒമ്പതാം ക്ലാസിലേക്ക് ജയിച്ചില്ലല്ലോ? അക്കാര്യം ശിവന്‍കുട്ടിയാണോ തീരുമാനിക്കുന്നത്.
അധ്യാപകര്‍ പരീക്ഷാപേപ്പര്‍ നോക്കേണ്ടേ? എന്തെല്ലാം തുഗ്ലക്ക് പരിഷ്‌കാരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. പാഠപുസ്തകം നേരത്തെ അച്ചടിച്ചെന്ന് ജനങ്ങളെ ബോധിപ്പിക്കാനാണോ ഇത് ചെയ്യുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.
വലിയ ഭരണനേട്ടം പോലെയാണ് ഇത് അവതരിപ്പിക്കുന്നതെന്നും പണ്ടൊക്കെ എഴുത്തോലയിലായിരുന്നോ കുട്ടികള്‍ പഠിച്ചിരുന്നതെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തല ചോദിച്ചിരുന്നു.
ഈ പ്രസ്താവനയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. മഴവില്ലിലെ വര്‍ണങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചതിനെ തുഗ്ലക്ക് പരിഷ്‌കാരമെന്ന് പറയുന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അധ്യയന വര്‍ഷം ആരംഭിച്ചിട്ടും പഠിക്കാന്‍ പാഠപുസ്തകങ്ങള്‍ ലഭിക്കാതെ നമ്മുടെ കുഞ്ഞുങ്ങള്‍ വലഞ്ഞിരുന്ന കെട്ട കാലം കേരളത്തിനുണ്ടായിരുന്നുവല്ലോ. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം ചെയ്തു ക്ലാസ് നടത്തിയിരുന്ന അക്കാലത്ത് നിന്നും അധ്യയന വര്‍ഷം തീരുമ്പോഴേക്ക് അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നാട് വളര്‍ന്നിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി 2026-27 അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ, 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാന തല വിതരണത്തിന് ഇന്ന് നാം തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ മൂലം സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിത്. ഈ നേട്ടത്തെ മുന്‍ പ്രതിപക്ഷ നേതാവ് ‘തുഗ്ലക്ക് പരിഷ്‌കാരം’ എന്ന് ആക്ഷേപിച്ചത് പരിഹാസ്യവും അപലപനീയവുമാണ്. സ്‌കൂളുകള്‍ അടച്ചുപൂട്ടി, കുഞ്ഞുങ്ങള്‍ തെരുവിലിറങ്ങേണ്ടി വന്ന യു.ഡി.എഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള നമ്മുടെ വളര്‍ച്ചയെ താറടിക്കുന്ന ഏത് പരാമര്‍ശവും എതിര്‍ക്കപ്പെടേണ്ടതുണ്ട്. അധിക്ഷേപങ്ങള്‍ക്ക് തെല്ലും വില കല്‍പിക്കാതെ നമുക്ക് മുന്നോട്ട് പോകാം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.