പ്രതികൂല കാലാവസ്ഥയിലും ഉയര്‍ന്ന പോളിങ്; കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ നേര്‍ക്കാഴ്ചയെന്ന് മുഖ്യമന്ത്രി
Kerala
പ്രതികൂല കാലാവസ്ഥയിലും ഉയര്‍ന്ന പോളിങ്; കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ നേര്‍ക്കാഴ്ചയെന്ന് മുഖ്യമന്ത്രി
അനിത സി
Thursday, 9th April 2026, 8:02 pm

തിരുവനന്തപുരം: കടുത്ത വേനല്‍ ചൂടെന്ന പ്രതികൂല സാഹചര്യത്തിലും പോളിങ് ബൂത്തിലെത്തിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വോട്ടിങ് ശതമാനവും കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെയും കേരളത്തിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചയാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായെന്നും തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണെന്നും അതിനായി പ്രയത്‌നിച്ച ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമെല്ലാം മുഖ്യമന്ത്രി നന്ദി അറിയിച്ചു.

അതേസമയം, പ്രബുദ്ധ കേരളത്തിന് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങളെന്നാണ് പ്രതിപക്ഷ നേതാവ് കുറിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു.

വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനല്‍ച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്.

പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങള്‍, കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചയാണ് നല്‍കിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്.

സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്.

ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാന്‍ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍.നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.

Content Highlight: CM Pinarayi Appreciates  Kerala’s high sense of democracy

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.