കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സംവാദത്തിനുളള വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയാണ് സംവാദത്തിനുള്ള ഏറ്റവും വലിയ വേദി. അവിടെ നിന്നും പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു. ഒരു അടിയന്തര പ്രമേയം പോലും കൊണ്ടുവരാനായില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
പ്രതിപക്ഷം സംവാദത്തിന് തയ്യാറായതില്‍ സന്തോഷം. ഇപ്പോഴെങ്കിലും സംവാദത്തിന് തയ്യാറായല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തവരാണ് പ്രതിപക്ഷം. വാഗ്ദാനം നടത്തല്‍ മാത്രമേയുള്ളൂ, നടപ്പാക്കാറില്ല. പിരിച്ച പണം പോലും കയ്യിലില്ല. എന്നാല്‍ പറയുന്നത് നടപ്പാക്കുന്നവരാണ് എല്‍.ഡി.എഫ് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പ്രധാമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ഉന്നയിച്ച വാദങ്ങളെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ബി.ജെ.പി ജയിച്ചാല്‍ കേരളത്തില്‍ വികസനം ഗ്യാരണ്ടിയാണെന്ന് പറഞ്ഞ മോദിയോട് ‘എന്ത് ഗ്യാരണ്ടി’ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
പാവങ്ങള്‍ക്ക് വീട് വെച്ചു നല്‍കുന്നതിനോ മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കുന്നതിനോ ബി.ജെ.പി തയ്യാറായില്ല. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഗ്യാരണ്ടി ഇത്തരത്തിലാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെ നിരന്തരം അവഗണിച്ചിട്ടും യു.ഡി.എഫ് എം.പിമാര്‍ ശബ്ദമുയര്‍ത്തിയില്ല. 2016ന് മുമ്പ് കേരളം ഭരിച്ചിരുന്നത് യു.ഡി.എഫ് അന്നും കേന്ദ്രത്തിന്റെ അവഗണനയെ കുറിച്ച് സംസാരിച്ചില്ലെന്നും വിഷയം ചര്‍ച്ചയാക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയെ നോവിക്കില്ലെന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. ഈ കാര്യങ്ങള്‍ക്ക് മറുപടി ഉണ്ടെങ്കില്‍ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞതിന് പിന്നാലെ മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.
സംവാദത്തിന് തയ്യാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും അദ്ദേഹം അറിയിച്ചു. ബാക്കി ജനം തീരുമാനിക്കട്ടെയെന്നും വി.ഡി സതീശന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
‘മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും’ വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: Opposition absconds from debate in the Assembly; CM asks what they have done in the House; V.D. Satheesan says he will attend the debate