കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത. തങ്ങളുടെ വര്‍ഗരാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും മതനിരപേക്ഷ ഉള്ളടക്കത്താല്‍ ഭദ്രമാണെന്ന് തോന്നിപ്പിക്കാന്‍ സി.പി.ഐ.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞുവെന്നാണ് വിമര്‍ശനം.
മുഖപത്രമായ സുപ്രഭാത്തിലെ എഡിറ്റോറിയലിലൂടെയാണ് സമസ്ത വിമര്‍ശനമുയര്‍ത്തിയത്. എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരുമെന്നതാണ് കണ്‍മുന്നിലെ യാഥാര്‍ത്ഥ്യമെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സര്‍ക്കാര്‍ വിലാസം പരിപാടിയായ ആഗോള അയ്യപ്പസംഗമമെന്നും സുപ്രഭാതം വിമര്‍ശിച്ചു.
മത-സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിന്റെ മതേതര മനസിനെ നിരന്തരം മുറിവേല്‍പ്പിക്കുന്ന ചില സമുദായ നേതാക്കളുടെ തോളില്‍ കൈയിട്ടാണ് ഈ അപകടകളിയെന്നത് മറന്നുപോകരുതെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി.
നാഴികയ്ക്ക് നാല്പതുവട്ടം മുസ്‌ലിം സമുദായത്തിനെതിരെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തില്‍ തൊട്ടടുത്ത് ഇരുത്തി ആനയിച്ചാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിലെത്തിയതെന്നും സമസ്ത ചൂണ്ടിക്കാട്ടി.
‘ന്യൂനപക്ഷ സഹോദരങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ കോട്ടകണക്കെ കൂടെ, ദ്രാവിഡമുന്നേറ്റ കഴകമുണ്ടാകും’ എന്നാണ് തമിഴ്നാട്ടിലെ നബിദിന സംഗമത്തില്‍ പങ്കെടുത്തതിന് ശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഫേസ്ബുക്കില്‍ കുറിച്ചതെന്നും സുപ്രഭാതം പറയുന്നു.
അയ്യപ്പസംഗമത്തിനെത്തിയില്ലെങ്കിലും ആശംസാകുറിപ്പ് അയക്കാന്‍ ആദിത്യനാഥോ, അത് വേദിയില്‍ വായിക്കാന്‍ ഇടതുമതേതര മന്ത്രിയോ മറന്നില്ല എന്നതും ശ്രദ്ധേയമാണെന്നും സുപ്രഭാതം പറഞ്ഞു.
ജാതി സംവരണത്തില്‍ ഉള്‍പ്പെടെ മനുഷ്യവിരുദ്ധ-വരേണ്യനിലപാടുകള്‍ മുറുകെപ്പിടിക്കുന്നവരെ കൂടെക്കൂട്ടണോ എന്ന്, മസ്തകത്തില്‍ മതനിരപേക്ഷത തിടമ്പേറ്റിയ ഇടതുകക്ഷികളെങ്കിലും രണ്ടുവട്ടം ആലോചിക്കേണ്ടതാണെന്നും സമസ്ത ചൂണ്ടിക്കാട്ടി.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ ഇടതുസര്‍ക്കാരുമായുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സമസ്തയുടെ പ്രതികരണം.
Content Highlight: CM arrived at ayyappa Sangamam with Vellappally natesan who is spewing venom against Muslims: Samastha