യുവന്റസിന്റെ നെഞ്ചത്ത് റയലിന്റെ ശിങ്കാരിമേളം; ഗോണ്‍സാലോയുടെ ഹെഡ്ഡറില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ലോസ് ബ്ലാങ്കോസ്!
Sports News
യുവന്റസിന്റെ നെഞ്ചത്ത് റയലിന്റെ ശിങ്കാരിമേളം; ഗോണ്‍സാലോയുടെ ഹെഡ്ഡറില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ലോസ് ബ്ലാങ്കോസ്!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd July 2025, 8:49 am

ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പില്‍ യുവന്റസിനെതിരെ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ വിജയക്കൊടി പാറിച്ചത്. മത്സരത്തിലെ രണ്ടാം പകുതിയിലെ 54ാം മിനിട്ടില്‍ ഗോണ്‍സാലോ ഗാര്‍സിയ നേടിയ കിടിലന്‍ ഗോളിലാണ് റയല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്.

അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ അസിസ്റ്റില്‍ സൂപ്പര്‍ ഹെഡ്ഡറിലൂടെയാണ് ഗോണ്‍സാലോ യുവന്റസിന്റെ വല കീറിയത്. യുവന്റസിന്റെ ബോക്‌സില്‍ ആക്രമണം അഴിച്ചുവിട്ടാണ് റയല്‍ ഓരോ നിമിഷവും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്.

ബലമില്ലാത്ത യുവന്റസ് പ്രതിരോധ നിരയെ നിഷ്പ്രയാസം റയലിന് മറികടക്കാന്‍ സാധിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഗ്രെഗോറിയോയെ മറികടക്കാന്‍ റയലിന്റെ മുന്നേറ്റക്കാര്‍ നന്നായി പാടുപെട്ടു. ഒന്നിനുപുറകെ ഒന്നായി പവര്‍കിക്കുകള്‍ തടഞ്ഞു നിര്‍ത്തി യുവന്റസിന്റെ തോല്‍വിയുടെ ബാരം കുറയ്ക്കാന്‍ ഗ്രെഗോറിയോക്ക് സാധിച്ചു.

അതേസമയം 3-5-2 എന്ന മികച്ച ഫോര്‍മോഷനില്‍ നിരന്ന റയല്‍ മാഡ്രിഡിന്റെ പ്രതിരോധം തകര്‍ക്കാന്‍ യുവന്റസിന് സാധ്യമായിരുന്നില്ല. റയലിന് നേരെ വെറും ആറ് ഷൂട്ടുകള്‍ ഉന്നം വെക്കാനാണ് ഇറ്റാലിയന്‍ ക്ലബ്ബിന് സാധിച്ചത്. എന്നാല്‍ മറുഭാഗത്ത് 21 ഷൂട്ടുകളാണ് യുവന്റസിന്റെ വലയിലേക്ക് റയല്‍ ഉന്നം വെച്ചത്. അതില്‍ 11 എണ്ണവും യുവന്റസിന്റെ നെഞ്ചത്തേക്കാണ് ലോസ് ബ്ലാങ്കോസ് അടിച്ചിട്ടത്.

58 ശതമാനം ഗോള്‍ പൊസഷന്‍ ഉണ്ടായിരുന്നതും പന്ത് കൂടുതല്‍ നേരം കൈവശം വെച്ചിരുന്നതും റയലായിരുന്നു. അതേസമയം ഒരു ഓഫ് സൈഡ് പോലുമില്ലാതെയാണ് റയല്‍ എതിരാളിയുടെ പോസ്റ്റിലേക്ക് മുന്നേറ്റം നടത്തിയത്.

മറ്റെല്ലാ മേഖലയിലും യുവന്റസിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്നാണ് റയല്‍ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ താണ്ഡവമാടിയത്. ജൂലൈ ആറിനാണ് റയലിന്റെ അടുത്ത മത്സരം ക്്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം ലക്ഷ്യം വെച്ചാണ് ടീം ഇറങ്ങുന്നത്.

 

Content Highlight: Club World Cup: Real Madrid Won Against Juventus