തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റിലും ജാമ്യനിഷേധത്തിലും പ്രതികരിച്ച് ബസേലിയസ് ക്ലിമിസ് കത്തോലിക്ക ബാവ.
കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കാതെ പിന്നെ എന്ത് ചങ്ങാത്തമെന്നും പിന്നെ എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂര്‍ണത പറയാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
പറയുന്നത് പ്രവര്‍ത്തിക്കുക, പ്രവര്‍ത്തിക്കുന്നതില്‍ ആത്മാര്‍ത്ഥ പ്രകടമാക്കുക. ഇതാണ് ആഗ്രഹിക്കുന്നത്. സിസ്റ്റേഴ്‌സിന് നീതി ലഭിക്കുമെന്ന് ഉറപ്പായി കഴിയുമ്പോഴാണല്ലോ ബാക്കി സംസാരം.
ആദ്യം അത് നടക്കട്ടെ അതിന് ശേഷം നമുക്ക് ചായ കുടിക്കാമെന്നായിരുന്നു മാധ്യമങ്ങളോട് പ്രതികരിക്കവെ ക്ലിമിസ് ബാവ പറഞ്ഞത്. സഭയുടെ അഭിപ്രായമാണ് താന്‍ പറയുന്നതെന്നും കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഛത്തീസ്ഗഡിലേത് രാജ്യം ഒന്നാകെ ഗൗരവത്തോടെ എടുക്കേണ്ട വിഷയമായി മാറി. ക്രിസ്ത്യാനികളുടേത് എന്നത് എന്ന നിലയിലല്ല ഇതിനെ കാണേണ്ടത്. ഭാരതത്തിലെ രണ്ട് സന്യാസിനിമാര്‍ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം കാണാന്‍. അവര്‍ ക്രിസ്ത്യാനികളായിപ്പോയി എന്ന സങ്കടം തങ്ങള്‍ക്കുണ്ടെന്നും ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു.
എല്ലാവരും ചേര്‍ന്നു നില്‍ക്കേണ്ട സമയമാണിത്. ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കേണ്ട സമയം. എം.പിമാര്‍ കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ചത് ആശ്വാസകരമാണെന്നും ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു.
അതേസമയം ജാമ്യത്തിനായുള്ള കന്യാസ്ത്രീകളുടെ അപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് കോടതി പറഞ്ഞത്.
മനുഷ്യക്കടത്ത് ആരോപിച്ചാണ് കന്യാത്രീകളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 143 പ്രകാരവും 1968 ലെ ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരവുമുള്ള കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
Content Highlight: clemis catholic bava about nuns arrest in chattisgarh