കൊടുത്ത പൈസ മുതലായ രണ്ട് സീനുകള്‍... ഈ റേഞ്ചില് പോയിരുന്നെങ്കില്‍ എവിടെ എത്തേണ്ട പടമായിരുന്നു, പേട്രിയറ്റിലെ മികച്ച സീനുകളെ ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
കൊടുത്ത പൈസ മുതലായ രണ്ട് സീനുകള്‍... ഈ റേഞ്ചില് പോയിരുന്നെങ്കില്‍ എവിടെ എത്തേണ്ട പടമായിരുന്നു, പേട്രിയറ്റിലെ മികച്ച സീനുകളെ ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Tuesday, 9th June 2026, 10:39 am

ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായി എത്തുകയും ബജറ്റ് പോലും തിരിച്ചുപിടിക്കാന്‍ കഴിയാതെ കളംവിടുകയും ചെയ്ത സിനിമയാണ് പേട്രിയറ്റ്. മോളിവുഡിന്റെ ബിഗ് എംസായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം യാതൊരു ഇംപാക്ടും ബോക്‌സ് ഓഫീസില്‍ ഉണ്ടാക്കിയില്ല. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയിലെത്തിയിരുന്നു.

സീ ഫൈവിലൂടെയാണ് പേട്രിയറ്റ് സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ പേട്രിയറ്റിനെ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ലോജിക്കില്ലാത്ത ചില സീനുകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയര്‍ന്നു. ചിത്രത്തില്‍ കുറച്ചെങ്കിലും നല്ല ഫീല്‍ സമ്മാനിച്ച സീനുകളെ ചിലര്‍ പ്രശംസിക്കുകയാണ്.

സ്ലോ മോഡില്‍ കഥ പറയുന്ന ചിത്രത്തില്‍ അങ്ങിങ്ങായി ചില ഹൈ മൊമന്റുകള്‍ സൃഷ്ടിക്കാന്‍ മഹേഷ് നാരായണന് സാധിച്ചിട്ടുണ്ട്. ഇന്റര്‍വെല്ലിന് തൊട്ടുമുമ്പുള്ള ഫൈറ്റാണ് അതില്‍ പ്രധാനപ്പെട്ടത്. വില്ലന്മാര്‍ തട്ടിക്കൊണ്ടുപോയ ഡാനി ഫ്‌ളൈറ്റില്‍ വെച്ച് നടത്തുന്ന ഫൈറ്റ് എല്ലാവരെയും കോരിത്തരിപ്പിച്ചു. തന്നെ അപായപ്പെടുത്തുമെന്ന് മുന്‍കൂട്ടിയറിഞ്ഞ ഡാനിയല്‍ അതിന് മുന്‍കരുതലെന്നോണം മറുമരുന്ന് കുത്തിവെച്ചിരുന്നു എന്ന് അറിയുന്നതോടെ തിയേറ്റര്‍ ഉണര്‍ന്നു.

പിന്നീട് വന്ന ഫൈറ്റ് സീക്വന്‍സ് പേട്രിയറ്റിന്റെ ഗ്രാഫ് ഉയര്‍ത്തി. ഈ പ്രായത്തിലും ആക്ഷന്‍ സീനില്‍ മമ്മൂട്ടി കാണിച്ച എനര്‍ജി പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. സുഷിന്‍ ശ്യാമിന്റെ ബി.ജി.എമ്മില്‍ ഈയൊരു സീന്‍ ഒരുക്കിയത് ഗംഭീര അനുഭവമായിരുന്നു. ഈ സീനിന് ശേഷം വീണ്ടും കഥ ഫ്‌ളാറ്റായി പോവുകയായിരുന്നു. ഇതിന് ശേഷം ഡാനിയലിനെ രക്ഷപ്പെടുത്താനായി റഹീം നായിക് നടത്തുന്ന ഗണ്‍ ഫയര്‍ സീനും മികച്ചതായിരുന്നു.

പിന്നീട് കുറച്ചെങ്കിലും കോരിത്തരിപ്പിച്ചത് മോഹന്‍ലാലിന്റെ ഹോസ്പിറ്റല്‍ ഫൈറ്റാണ്. ആശുപത്രിയില്‍ കഴിയുന്ന ആതിരയെ രക്ഷിക്കാനായി റഹീം നായിക് എത്തുകയും അവിടെ വെച്ച് വില്ലന്മാരെ നേരിടുകയും ചെയ്തത് ഗംഭീര സീനായിരുന്നു. ഒരു ഫൈറ്റിന് വേണ്ടി ഒരുക്കിയ സെറ്റിങ് കൃത്യമായി വര്‍ക്കായിട്ടുണ്ട്. എന്നാല്‍ ആ ഫൈറ്റ് അവസാനിപ്പിച്ച രീതി പലര്‍ക്കും ദഹിക്കാതെ പോയി.

ഗംഭീരമാക്കാവുന്ന പല സീനുകളും സംവിധായകന്‍ കാരണം ഉദ്ദേശിച്ച ഇംപാക്ട് ലഭിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ഇരുവരുടെയും മാസ് സീനുകള്‍ക്ക് പ്രാധാന്യം കൊടുക്കാതെ കഥക്ക് പ്രാധാന്യം നല്‍കിയത് ധീരമായ ശ്രമമാണ്. എന്നാല്‍ അതിന് നെഗറ്റീവ് റിസല്‍ട്ടാണ് ലഭിക്കുന്നത്.

Content Highlight: Clap worthy scenes in Patriot movie getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം