ഇറാനെ സഹായിക്കുന്നുവെന്ന് വാദം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 32 സ്ഥാപനങ്ങള്‍ക്ക് യു.എസ് ഉപരോധം
Iran nuclear programme
ഇറാനെ സഹായിക്കുന്നുവെന്ന് വാദം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 32 സ്ഥാപനങ്ങള്‍ക്ക് യു.എസ് ഉപരോധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2025, 10:11 am

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള 32 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി യു.എസ്.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. ഇന്നലെ (ബുധന്‍) ആണ് ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ബാലിസ്റ്റിക് മിസൈല്‍, ആളില്ല ആകാശ വാഹനം (യു.എ.വി) എന്നിവയുടെ നിര്‍മാണത്തിന് സഹായം നല്‍കുന്ന ഏതാനും ശൃംഖലകള്‍ ഇറാന്‍, ചൈന, യു.എ.ഇ, തുര്‍ക്കി, ഇന്ത്യ, ഹോങ്കോക് എന്നീ രാജ്യങ്ങളില്‍ ഉണ്ടെന്നാണ് യു.എസിന്റെ വാദം.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപരോധ നടപടി ഇറാന്റെ മിസൈലുകളുടെയും ആയുധങ്ങളുടെയും വികസനത്തെ ചെറുക്കുന്നതിന് വേണ്ടിയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇറാനെതിരെ ഐക്യരാഷ്ട്രസഭ പാസാക്കിയ ഉപരോധങ്ങളെ ഇത് പിന്തുണക്കുന്നുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. പത്ത് വര്‍ഷത്തിനിപ്പുറമാണ് ഇറാനെതിരെ യു.എന്‍ നടപടിയെടുത്തത്. ടെഹ്റാനെതിരായ സാമ്പത്തിക-സൈനിക ഉപരോധം യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിക്കുന്നില്ലെന്നും കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ലോകത്തുടനീളമുള്ള സംവിധാനങ്ങളെ ചൂഷണം ചെയ്ത് ഇറാന്‍ കള്ളപ്പണം വെളുപ്പിക്കുകയാണെന്നും അതിലൂടെ ആണവ പദ്ധതികള്‍ക്കുള്ള ശേഖരണം തുടരുന്നുണ്ടെന്നും യു.എസ് ട്രഷറി അണ്ടര്‍ സെക്രട്ടറി ജോണ്‍ കെ. ഹര്‍ലി പറഞ്ഞു. ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാന്‍ വലിയ സമ്മര്‍ദമാണ് യു.എസ് ചെലുത്തുന്നതെന്നും ഹര്‍ലി പ്രതികരിച്ചു.

ഒക്ടോബറില്‍ ഇറാനിയന്‍ ഊര്‍ജ വ്യാപാരത്തിന് സൗകര്യമൊരുക്കിയെന്ന് ആരോപിച്ച് എട്ട് ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യ ആസ്ഥാനമായുള്ള നിരവധി സ്ഥാപനങ്ങള്‍ക്കും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 40 സ്ഥാപനനങ്ങളാണ് യു.എസിന്റെ ഉപരോധം നേരിട്ടത്.

ജൂലൈയിലും യു.എസിന്റെ ഭാഗത്തുനിന്ന് സമാനമായ നടപടിയുണ്ടായിരുന്നു. ഇറാനിയന്‍ പെട്രോളിയം അഥവാ പെട്രോകെമിക്കല്‍ ഉത്പന്നങ്ങളുടെ വ്യാപാരത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ആറ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.

ഇന്ത്യയ്ക്ക് പുറമെ യു.എ.ഇ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും ഉപരോധം ഉണ്ടായിരുന്നു.

Content Highlight: Claims of helping Iran; US sanctions 32 entities in countries including India