മോദിയേയും അമിത് ഷായേയും മുന്നിലിരുത്തി ബി.ജെ.പിയുടെ ബീഫ് നയത്തിനെതിരെ ആഞ്ഞടിച്ച് സി.കെ ജാനു
Kerala
മോദിയേയും അമിത് ഷായേയും മുന്നിലിരുത്തി ബി.ജെ.പിയുടെ ബീഫ് നയത്തിനെതിരെ ആഞ്ഞടിച്ച് സി.കെ ജാനു
ന്യൂസ് ഡെസ്‌ക്
Wednesday, 12th April 2017, 8:40 am

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ബീഫ് നയത്തിനെതിരെ ആഞ്ഞടിച്ച് ജെ.ആര്‍.എസ് നേതാവ് സി.കെ ജാനു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമുളള എന്‍.ഡി.എയുടെ നേതൃയോഗത്തിലായിരുന്നു ബിജെപിയുടെ ബീഫ് നയത്തെ വിമര്‍ശിച്ച് സി.കെ ജാനു രംഗത്തെത്തിയത്.

ബിജെപി നേതൃത്വം ബീഫ് പോലുള്ള തര്‍ക്കവിഷയങ്ങള്‍ ഇടക്കിടെ ഉന്നയിക്കുന്നത് കേരളത്തിലെ സഖ്യകക്ഷികള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ജാനു യോഗത്തില്‍ വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ ദലിത്, ആദിവാസി, തൊഴിലാളി പ്രശ്‌നങ്ങള്‍ക്കും അവര്‍ക്കായുളള പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കണമെന്നും ജാനു യോഗത്തില്‍ ആവശ്യപ്പെട്ടു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിലുള്‍പ്പടെ ബി.ജെ.പിയുടെ ബീഫ് നയം മുന്നണിയ്ക്ക് ദോഷം ചെയ്‌തെന്നും ജാനു അഭിപ്രായപ്പെട്ടു. മലയാളത്തിലുളള ജാനുവിന്റെ പ്രസംഗം പി.സി തോമസാണ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്.


Also Read: ‘ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ നിങ്ങള്‍ക്കറിയില്ല’; ദിലീപിന്റെ ഇന്റര്‍വ്യൂവിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ


പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, ഏഷ്യാനെറ്റ് ചെയര്‍മാനും എന്‍.ഡി.എയുടെ കേരള അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംപി എന്നിവരും ഘടകകക്ഷി നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

എന്‍ഡിഎ അധികാരത്തില്‍ എത്തിയശേഷം ഡല്‍ഹിയില്‍ നടന്ന രണ്ടാമത്തെ യോഗത്തില്‍ 32 ഘടകകക്ഷി നേതാക്കളാണ് പങ്കെടുത്തത്.