തൊടുപുഴ: ഇടുക്കിയില്‍ പൊലീസ് സ്റ്റേഷനില്‍ ഒളിക്യമാറ സ്ഥാപിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍. വനിത ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്നിടത്താണ് ഒളിക്യാമറ വെച്ചത്. വണ്ടിപ്പെരിയാര്‍ വനിത പൊലീസ് സ്റ്റേഷനിലാണ് സംഭവം.
സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ സി.പി.ഒ വൈശാഖിനെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം സ്വദേശിയാണ് ഇയാള്‍. സൈബര്‍ വിഭാഗമാണ് വൈശാഖിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പരാതിയെ തുടര്‍ന്ന് വിഷയം എസ്.പി തന്നെ നേരിട്ട് അന്വേഷിക്കണമെന്ന് ഉത്തരവുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥ യൂണിഫോം മാറുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അത് കാണിച്ച് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ആറ് മാസമായി വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ ഒളിക്യാമറ വെച്ച് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്നാണ് വിവരം. ഈ ദൃശ്യങ്ങള്‍ കാണിച്ച് പതിവായി ഇയാള്‍ വനിത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താറുണ്ടെന്നും വിവരമുണ്ട്.
ഭീഷണിയെ തുടര്‍ന്ന് ഇവരില്‍ ഒരാള്‍ സൈബര്‍ പൊലീസിനും എസ്.പിക്കും പരാതി നല്‍കിയതോടെയാണ് അറസ്റ്റ് ഉണ്ടായത്.
വൈശാഖിന്റെ ഫോണില്‍ നിന്ന് ഒളിക്യാമറയിലൂടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുറച്ച് ദിവസത്തെ നിരീക്ഷണത്തിലൊടുവിലാണ് പ്രതിയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്ന് (വ്യാഴം) തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും.
Content Highlight: Civil police officer arrested for placing hidden camera where female officers were changing clothes in Idukki