അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ മാപ്പ് പറയണമെന്ന് സി.ഐ.ടി.യു നേതാവ് എന്‍. സുന്ദരന്‍പിള്ള പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്റെ ജല്‍പ്പനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നും സുന്ദരന്‍പിള്ള പ്രതികരിച്ചു.
ചാലയിലെ തൊഴിലാളികളെ കുറിച്ചും അവരുടെ സാഹചര്യങ്ങളെ കുറിച്ചും മനസിലാക്കാതെയും യാതൊരു തെളിവുമില്ലാതെയും എന്തെങ്കിലും വിളിച്ചുപറയുന്ന ഒരു രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ താഴരുതെന്നും അദ്ദേഹം സംസാരിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരു മഹാനായ സംവിധായകനാണ്. അതിലൊന്നും തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. പക്ഷെ കഴിഞ്ഞ ദിവസം അടൂര്‍ നടത്തിയ പ്രസ്താവന ചാതുര്‍വര്‍ണ്യത്തിന്റെ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നാണ് തോന്നുന്നതെന്നും സുന്ദരന്‍പിള്ള പറഞ്ഞു.
ഇന്നലെ (തിങ്കള്‍) നടന്ന ഫിലിം കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ വെച്ചാണ് ചാലയിലെ തൊഴിലാളികളെ അധിക്ഷേപിച്ചുകൊണ്ട് അടൂര്‍ സംസാരിച്ചത്. ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഒരു സിനിമയിലെ ലൈംഗിക ദൃശ്യങ്ങള്‍ കാണാന്‍ തൊഴിലാളികള്‍ കതകിടിച്ച് തകര്‍ത്ത് തിയേറ്ററിന്റെ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അടൂരിന്റെ പരാമര്‍ശം.
ഇതിനുപിന്നാലെ അടൂരിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. വിഷയത്തില്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അടൂര്‍, തൊഴിലാളികളെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ ചെയ്ത കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നുമാണ് പറഞ്ഞത്.
‘ഞാന്‍ അധിക്ഷേപിച്ചതല്ല, അവര്‍ ഇടിച്ച് കയറിയതല്ലേ, കതക് പൊളിക്കുകയായിരുന്നു. ഞാന്‍ കണ്ടതല്ല. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ പുറത്ത് ഭയങ്കര ബഹളം. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍, ‘ചാലയില്‍ നിന്ന് വന്ന തൊഴിലാളികളാണ്. അവര്‍ കതക് ഇടിച്ച് തകര്‍ക്കുകയാണ്’ എന്ന് ആളുകള്‍ പറഞ്ഞു. അതിലപ്പുറം എനിക്ക് അറിയില്ല,’ അടൂര്‍ പറഞ്ഞു.
അന്നത്തെ ആ സിനിമയുടെ പ്രധാന അട്രാക്ഷന്‍ ലൈംഗിക ദൃശ്യങ്ങളായിരുന്നുവെന്നും അത് കാണുന്നതിനായാണ് തൊഴിലാളികള്‍ എത്തിയതെന്നും അടൂര്‍ പറയുകയുണ്ടായി. ലൈംഗിക ദൃശ്യങ്ങള്‍ കാണാനാണോ തൊഴിലാളികള്‍ എത്തിയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
താന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ ഡെലിഗേറ്റ് സംവിധാനം കൊണ്ടുവന്നതെന്നും സിനിമയില്‍ പ്രത്യേകിച്ച് ഒരു താത്പര്യവുമില്ലാത്ത ആളുകളാണ് ഇത്തരത്തില്‍ ഇടിച്ചുകയറി വരുന്നതെന്നും അടൂര്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.ഐ.ടി.യു പ്രതിഷേധവുമായി രംഗത്തെത്തിയത്.
Content Highlight: Workers’ in chalai market protest against Adoor