മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആ രണ്ട് ഐക്കോണിക്ക് സീനുകള്‍ ചിത്രീകരിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി: സുകുമാര്‍
Malayalam Cinema
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആ രണ്ട് ഐക്കോണിക്ക് സീനുകള്‍ ചിത്രീകരിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി: സുകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th November 2025, 6:36 pm

മലയാളത്തിലെ അതികായരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമ കരിയറിലെ ഐക്കോണിക്ക് ഷോട്ടുകള്‍ ചിത്രീകരിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പറയുകയാണ് മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രഹകനായ പി സുകുമാര്‍.

P Sukumar/ Screen Grab from Club FM YouTube channel

അടുത്തിടെ റി റീലീസ് ചെയ്യപ്പെട്ട രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ സിദ്ദിഖുമായുള്ള സംഘട്ടന രംഗത്തിന് തൊട്ടുമുന്‍പുള്ള ഇന്‍ട്രൊ സീനും, ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിവേഗത്തില്‍ ബാബു ആന്റണിക്കൊപ്പം കാറില്‍ വന്നിറങ്ങുന്ന സീനും ഷൂട്ട് ചെയ്ത അനുഭവത്തെക്കുറിച്ച് പറയുകയാണ് സുകുമാര്‍. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.

രാവണപ്രഭുവിലെയും ട്വന്റി ട്വന്റിയിലെയും ആ സീനുകള്‍ക്ക് വലിയ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഈ രണ്ടു ഷോട്ടുകളും ഞാന്‍ തന്നെയാണ് ഷൂട്ട് ചെയ്തതെന്നതിലുപരി രണ്ട് സീനുകളും ഒരേ ലൊക്കേഷനില്‍ നിന്നുമാണ് ചിത്രീകരിച്ചത് എന്നതാണ് മറ്റൊരു കൗതുകപരമായ കാര്യം. കോയമ്പത്തൂരിലെ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ഹൈവേയില്‍ നിന്നുമാണ് രണ്ടു സീനുകളും ചിത്രീകരിച്ചത്.

Ravanaprabhu / Screen grab from YouTube

രാവണപ്രഭുവില്‍ ഹൈസ്പീഡില്‍ വണ്ടി ഓടിച്ചെത്തി രണ്ടു മൂന്ന് തവണ കറക്കി ചെറിയ ട്രിക്കുകളൊക്കെ ചെയ്തിട്ടാണ് ലാലേട്ടന്റെ എന്‍ട്രി. ലാലേട്ടനായതുകൊണ്ട് ഫ്ളെയറിന് കുറവൊന്നുമില്ലായിരുന്നു സ്‌റ്റൈലിഷായി ചെയ്തിട്ടുണ്ട്. റീ റിലീസിനു ശേഷം ആളുകള്‍ ഈ സീനുകള്‍ കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരേ ഫ്രെയിമില്‍ കൊണ്ടുവന്ന് അഭിനന്ദനമറിയിക്കുന്നതില്‍ സന്തോഷമുണ്ട്’ സുകുമാര്‍ പറഞ്ഞു.

കണ്ണിന് ചെറിയ സര്‍ജറി കഴിഞ്ഞതുകൊണ്ട് രാവണപ്രഭു തിയേറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ലെന്ന് സുകുമാര്‍ പറയുന്നു. ഒരുപാട് പേര്‍ തിയേറ്ററില്‍ നിന്നുമുള്ള ക്ലിപ്പിങ്സ് അയച്ചുതരികയും, ചിത്രം വലിയ ആഘോഷമായി പ്രേക്ഷകര്‍ സ്വീകരിച്ചതായും താനറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരു പുനര്‍ജന്മം കിട്ടിയതു പോലെയായിരുന്നു ചിത്രത്തിന്റെ മടങ്ങിവരവെന്നും സുകുമാര്‍ പറഞ്ഞു.

Twenty Twenty Movie scene/ Sun NXT YouTube channel

‘ഇന്നത്തെ തലമുറക്ക് എന്നെ അറിയില്ല, ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള സിനിമകളുടെ റീലീസിനു ശേഷം ജനിച്ചവരാണ് പുതിയ തലമുറയിലെ ഭൂരിഭാഗം പേരും. റീ റിലീസിനു ശേഷം ഞാന്‍ ചിത്രീകരിച്ച സീനുകള്‍ കണ്ടിട്ട് നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ഷൂട്ട് ചെയ്യാനറിയുമോ എന്ന് ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്’ സുകുമാര്‍ പറയുന്നു.

ആറാം തമ്പുരാന്‍, രാപ്പകല്‍, അഴകിയ രാവണന്‍, കല്ല്യാണ രാമന്‍, സ്വപ്നക്കൂട് തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച സുകുമാര്‍ 1993 ല്‍ സോപാനം എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. 2009 ല്‍ ഇറങ്ങിയ സ്വ. ലേ. എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്.

Content Highlight: Cinematographer Sukumar shares the memories of Twenty 20 and Ravanaprabhu