ഒന്നും ചെയ്യാനില്ലാത്ത സീന്‍, മമ്മൂക്കയുടെ മുഖഭാവം കണ്ട് അറിയാതെ ഞാന്‍ കരഞ്ഞു: ഛായാഗ്രാഹകന്‍ അളഗപ്പന്‍
Entertainment
ഒന്നും ചെയ്യാനില്ലാത്ത സീന്‍, മമ്മൂക്കയുടെ മുഖഭാവം കണ്ട് അറിയാതെ ഞാന്‍ കരഞ്ഞു: ഛായാഗ്രാഹകന്‍ അളഗപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd May 2025, 4:22 pm

1997ല്‍ സമ്മാനം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച്, മലയാളത്തിലെ നിരവധി മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അളഗപ്പന്‍ എന്‍. പിന്നീട് 1999ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സൂത്രധാരന്‍, നന്ദനം, തിളക്കം, മിഴി രണ്ടിലും, ഗൗരീശങ്കരം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ, ചന്ദ്രോത്സവം, പ്രജാപതി, ചാന്തുപൊട്ട്, ചോക്ലേറ്റ്, അരികെ, ഒഴിമുറി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹം അളഗപ്പന്‍ വര്‍ക്ക് ചെയ്തിരുന്നു.

2013ല്‍ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നുവന്നു. ഇപ്പോള്‍ കാഴ്ച എന്ന സിനിമയുടെ സമയത്ത് മമ്മൂട്ടി തന്നെ കരയിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് അളഗപ്പന്‍. കേരള വിഷന്‍ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇമോഷണലായ സീനുകളെ കുറിച്ച് പറയുമ്പോള്‍ പറയേണ്ട പേര് മമ്മൂക്കയുടേതാണ്. ഒന്നുമില്ലാത്ത സീനില്‍ പോലും അദ്ദേഹം എന്നെ ഒരിക്കല്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതില്‍ എന്നെ ഇമോഷണലാക്കി. കാഴ്ച എന്ന സിനിമയില്‍ ചെരുപ്പിന്റെ ഒരു സീനുണ്ടായിരുന്നു.

അതായത് ചെരുപ്പ് കയ്യില്‍ എടുക്കുകയും അവസാനം അത് അവിടെ തന്നെ ഇട്ടിട്ട് പോകുകയും ചെയ്യുന്ന സീനായിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. മമ്മൂക്കയുടെ മുഖഭാവം കണ്ടിട്ടായിരുന്നു അറിയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ വന്നത്,’ അളഗപ്പന്‍ പറയുന്നു.

ചന്ദ്രോത്സവം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹന്‍ലാല്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നോ എങ്ങനെയാണ് ചെയ്യാന്‍ പോകുന്നതെന്നോ തനിക്ക് അറിയില്ലായിരുന്നു എന്നാണ് അളഗപ്പന്‍ പറയുന്നത്.

ചന്ദ്രോത്സവം സിനിമയില്‍ ഫൈറ്റ് സീക്വന്‍സ് ഒക്കെ ചെയ്യുമ്പോള്‍ ലാല്‍ സാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നോ എങ്ങനെയാണ് ചെയ്യാന്‍ പോകുന്നതെന്നോ നമുക്ക് അറിയില്ലായിരുന്നു.

നമുക്ക് ഒരു ചെറിയ ഐഡിയ മാത്രമേ ഇണ്ടായിരുന്നുള്ളൂ. എല്ലാം ക്യാമറയില്‍ പകര്‍ത്തുക എന്നതാണ് അവിടെ നമുക്ക് ചെയ്യാനുള്ളത്. കാരണം ഒരു കാര്യവും മിസ് ചെയ്യാതെ ക്യാമറയില്‍ കൊണ്ടുവരണമല്ലോ,’ അളഗപ്പന്‍ പറയുന്നു.


Content Highlight: Cinematographer Alagappan Talks About Mammootty And Kazhcha Movie