'കാഴ്ച'യിലെ ആ ഷോട്ടില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം മമ്മൂക്ക ചെയ്തു, എനിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല: ഛായാഗ്രാഹകന്‍ അഴഗപ്പന്‍
Entertainment
'കാഴ്ച'യിലെ ആ ഷോട്ടില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം മമ്മൂക്ക ചെയ്തു, എനിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല: ഛായാഗ്രാഹകന്‍ അഴഗപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 1:30 pm

ബ്ലെസി സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാഴ്ച. ബ്ലെസിയുടെ ആദ്യ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടി, പത്മപ്രിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത് അഴഗപ്പന്‍ ആയിരുന്നു.

ഇപ്പോള്‍ ‘കാഴ്ച’ യെ കുറിച്ചുള്ള കാണാക്കഥകളും ഓര്‍മ്മകളും പങ്കുവെക്കുകയാണ് അഴഗപ്പന്‍. കാഴ്ച സിനിമയില്‍ മമ്മൂട്ടി തന്നെ ഞെട്ടിച്ച ഒരു രംഗമുണ്ടെന്ന് അദ്ദേഹം പറയുന്നു. തന്റെ മകന് വേണ്ടി പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ ഒരുപാട് സ്ഥലങ്ങളില്‍ മമ്മൂട്ടിയുടെ കഥാപാത്രം കയറി ഇറങ്ങുന്ന രംഗമുണ്ടെന്നും പിന്നീട് അദ്ദേഹം ബോട്ടില്‍ നിന്നറങ്ങി ഒരു തേഞ്ഞ ചെരുപ്പ് കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ഒരു സീനുണ്ടെന്നും അഴഗപ്പന്‍ പറയുന്നു.

ആ ഷോട്ടില്‍ എല്ലാം പോയി എന്ന അര്‍ത്ഥത്തില്‍ ചെരുപ്പ് മമ്മൂട്ടി കയ്യില്‍ നിന്ന് എറിഞ്ഞ് കളഞ്ഞെങ്കിലോ എന്ന് തനിക്ക് തോന്നിയെന്നും ആ രംഗം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ മമ്മൂട്ടി ചെരുപ്പ് എറിഞ്ഞുവെന്നും ആ സീനില്‍ താന്‍ കരഞ്ഞുപോയെന്നും അഴഗപ്പന്‍ കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വിയില്‍ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഴ്ച്ചയിലെ ഒരു രംഗമുണ്ട്. മമ്മൂക്ക മകന് വേണ്ടി ഒരോരോ സ്ഥലങ്ങളിലായി പോകുന്നുണ്ട്. കലക്ടറുടെ ഓഫിസീല്‍ പോകുന്നു, അവിടെ പോകുന്നു. ഇവിടെ പോകുന്നു. പൊലീസ് സ്റ്റേഷനില്‍ പോകുന്നു. എല്ലാവരെയും കണ്ട് ഭയങ്കര ഡിപ്രഷനായി പോകുന്ന ഒരു സ്‌റ്റേജുണ്ട്. അങ്ങനെ ഡിപ്രഷനായി വന്നിട്ട് ആ ബോട്ടില്‍ നിന്നിറങ്ങിയിട്ട്, കയ്യില്‍ തേഞ്ഞ് പോയ ഒരു ചെരുപ്പ് പിടിച്ച് നില്‍ക്കുന്നുണ്ട്.

അതൊരു സിമ്പോളിക് ഷോട്ടാണ്. അത് ഇന്നത്തെ കാലത്ത് ആരും അങ്ങനെ ഉപയോഗിക്കുന്നില്ല. മുമ്പ് എല്ലാ സംവിധായകരും സിമ്പോളിക് ഷോട്ടുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഇത് നാച്ചുറലായിട്ട് ബ്ലെസിക്ക് അപ്പോള്‍ തോന്നിയതാണ്. ചെരുപ്പ് തേഞ്ഞതായിട്ട് നമുക്ക് ഫീല്‍ ചെയ്യണം എന്ന്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് മമ്മൂക്ക ആ ഷോട്ടില്‍ ചെയ്തത്.

ചെരുപ്പ് എടുത്ത് ഇങ്ങനെ നോക്കി, എനിക്ക് ഈ സീന്‍ ക്യാമറയില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചെരുപ്പ് പുള്ളി ഈ ഷോട്ടില്‍ എറിഞ്ഞ് കളഞ്ഞാലോ എന്ന് തോന്നി. എല്ലാം പോയി എന്നുള്ള അര്‍ത്ഥത്തില്‍ ചെരുപ്പ് കളഞ്ഞാലോ എന്ന് ഞാന്‍ ഇങ്ങനെ ചിന്തിക്കുകയാണ്. സ്‌ക്രിപ്റ്റില്‍ അത് ഇല്ല. അപ്രത്യക്ഷിതമായി മമ്മൂക്ക എടുത്ത് ചെരുപ്പ് എറിഞ്ഞു. അങ്ങനെ ഒരു സംഭവമുണ്ടായി. എനിക്ക് കണ്ണില്‍ വെള്ളം വന്നുപോയി. എനിക്ക് കണ്ണീര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കരഞ്ഞുപോയി ഞാന്‍,’ അഴഗപ്പന്‍ പറയുന്നു.

Content highlight: cinematographer Alagappan talks about Kazhcha movie and Mammooty