തമിഴ് സിനിമാലോകം ഏറെ ഉറ്റുനോക്കുന്ന ക്ലാഷാണ് അടുത്ത പൊങ്കലിന് കാണാന്‍ സാധിക്കുക. വിജയ് നായകനാകുന്ന ജന നായകനൊപ്പം ശിവകാര്‍ത്തികേയന്റെ പരാശക്തിയും തിയേറ്ററുകളിലെത്തും. രണ്ട് വമ്പന്‍ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കാകും വിജയമെന്നാണ് പലരും ഉറ്റുനോക്കുന്നത്.
എന്നാല്‍ റിലീസിനോടടുക്കുമ്പോള്‍ മാത്രമല്ല, അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായ ചിത്രമാണ് പരാശക്തി. സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് 2023ല്‍ പൂര്‍ത്തിയായതായിരുന്നു. അന്ന് ചിത്രത്തിന്റെ ടൈറ്റിലും കാസ്റ്റും വ്യത്യസ്തമായിരുന്നു. സൂര്യയെ മനസില്‍ കണ്ടാണ് സുധ ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായത്.
സൂര്യക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം, വിജയ് വര്‍മ എന്നിവരെ അണനിരത്തി 1965 പുറനാനൂറ് എന്ന പേരിലായിരുന്നു ചിത്രം ഒരുക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തില്‍ തന്നെ സൂര്യ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയും പിന്നാലെ കാസ്റ്റ് മുഴുവന്‍ മാറ്റുകയുമായിരുന്നു. സൂര്യ ഈ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം ഇതിന്റെ തീം ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
1960കളില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിച്ചതും അതിനെ അന്നത്തെ വിദ്യാര്‍ത്ഥി സമൂഹം എതിര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. സൂര്യയുടെ പങ്കാളിയും നടിയുമായ ജ്യോതികയുടെ കരിയറിനെ ബാധിക്കാതിരിക്കാനാണ് സൂര്യ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരിച്ചുവരവില്‍ ജ്യോതിക പൂര്‍ണമായും ബോളിവുഡിലേക്ക് ശ്രദ്ധ നല്‍കുകയും ഇതിനായി സൂര്യ തന്റെ താമസം മുംബൈയിലേക്ക് മാറ്റിയതും വാര്‍ത്തയായിരുന്നു.
തമിഴ്‌നാട്ടില്‍ വലിയ വിജയമാകാനും അതോടൊപ്പം വലിയ രീതിയില്‍ ചര്‍ച്ചയാകാനും സാധ്യതയുള്ള സബ്ജക്ട് സൂര്യ ഒഴിവാക്കിയതില്‍ ആരാധകര്‍ നിരാശയിലാണ്. കരിയറില്‍ വലിയൊരു ഹിറ്റ് അത്യാവശ്യമായിട്ടുള്ള സൂര്യയുടെ ഇത്തരം നീക്കങ്ങള്‍ തിരിച്ചടിയായേക്കുമെന്നാണ് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ സിനിമകള്‍ക്കൊന്നും നല്ല പ്രതികരണമല്ല ലഭിച്ചത്.
പരാശക്തി ഒരുപക്ഷേ ഹിറ്റായാല്‍ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ തിരിച്ചുവരവിന് ഈ പ്രൊജക്ട് കാരണമായേനെ. ഒരുകാലത്ത് വിജയ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം ക്ലാഷ് വെച്ച് ബ്ലോക്ക്ബസ്റ്റര്‍ നേട്ടം സ്വന്തമാക്കിയ സൂര്യ ഇന്ന് നല്ലൊരു റിലീസ് ഡേറ്റ് ലഭിക്കാന്‍ പാടുപെടുകയാണ്. പുതിയ താരങ്ങളിലൊരാളായ പ്രദീപ് രംഗനാഥനെല്ലാം സൂര്യയുടെ ലൈഫ്‌ടൈം കളക്ഷന്‍ രണ്ട് വട്ടമാണ് ബോക്‌സ് ഓഫീസില്‍ മറികടന്നത്. ഭാവിയില്‍ നല്ല അവസരങ്ങള്‍ ലഭിച്ച് സൂര്യ തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Cinema pages discussing that Suriya rejected Paraakthi movie because of Jyothika