ബാങ്കുകളിലെ നിയമനത്തിന് ഇനി സിബില്‍ സ്‌കോര്‍ വേണ്ട; നിബന്ധന നീക്കിയതായി ധനകാര്യമന്ത്രാലയം
India
ബാങ്കുകളിലെ നിയമനത്തിന് ഇനി സിബില്‍ സ്‌കോര്‍ വേണ്ട; നിബന്ധന നീക്കിയതായി ധനകാര്യമന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2025, 10:42 pm

ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളിലെ നിയമനത്തിനായി സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാക്കിയ നടപടി നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ദേശസാല്‍കൃത ബാങ്കുകളിലെ നിയമനത്തിനായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 650 സിബില്‍ സ്‌കോര്‍ വേണമെന്ന നിബന്ധന നിര്‍ത്തലാക്കിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ഇടത് എം.പിയായ ഡോ. ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് ധനകാര്യ മന്ത്രാലയം മറുപടി നല്‍കുകയായിരുന്നു.

സിബില്‍ സ്‌കോര്‍ നിബന്ധന ഒഴിവാക്കിയെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആരോഗ്യകരമായ ക്രഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ക്രെഡിറ്റ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അക്കൗണ്ടുകള്‍ക്ക് കുടിശ്ശികയില്ലെന്ന് ഉറപ്പുനല്‍കുന്ന അപ്‌ഡേറ്റ് ചെയ്ത ക്രെഡിറ്റ് റെക്കോര്‍ഡുകളോ എന്‍.ഒ.സിയോ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യങ്ങള്‍ പാലിക്കാത്തപക്ഷം അത് നിയമനങ്ങളെ ബാധിക്കുമെന്നും അന്തിമ തീരുമാനം ബാങ്കുകളുടേതാണെന്നും ധനമന്ത്രാലയം പറയുന്നു.

2025ല്‍ ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍ എന്നീ തസ്തികയിലെ റിക്രൂട്ട്മെന്റിനായി ബാങ്ക് ഓഫ് ബറോഡ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് യോഗ്യതയായി സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാക്കിയത്. അറുനൂറ്റിയമ്പതോ അതിന് മുകളിലോ സിബില്‍ സ്‌കോര്‍ വേണമെന്നായിരുന്നു നിബന്ധന.

ജോലിയില്‍ ചേരുന്നതിനുമുമ്പ് സിബില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്നും സിബിലില്ലാത്തവര്‍ ബന്ധപ്പെട്ട ബാങ്കില്‍ നിന്നുള്ള ‘കുടിശികയില്ല’ എന്ന് സ്ഥിരീകരിക്കുന്ന എന്‍.ഒ.സി ഹാജരാക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇതില്ലാത്ത പക്ഷം നിയമന ശുപാര്‍ശ പിന്‍വലിക്കാനോ റദ്ദാക്കാനോ ബാങ്കിന് അധികാരം നല്‍കിയിരുന്നു.

അതേസമയം നിലവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ഉടനീളമായി രണ്ടുലക്ഷത്തിലധികം ഒഴിവുകളാണുള്ളത്. എന്നാല്‍ കാര്യമായ നിയമനങ്ങളൊന്നും തന്നെ നടക്കുന്നുമില്ല. ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍ തസ്തികളിലേക്കുള്ള ഒഴിവുകള്‍ ഇപ്പോഴും തുടരുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം പൊതുമേഖലാ ബാങ്കുകളില്‍ 75 ലക്ഷം ജീവനക്കാരാണുള്ളത്. സ്വകാര്യ ബാങ്കുകളില്‍ 8.5 ലക്ഷം ജീവനക്കാരുമുണ്ട്.

Content Highlight: CIBIL score no longer required for bank appointments; Finance Ministry says requirement removed