'സാറെ ക്രിസ്റ്റഫര്‍ പ്രശ്‌നമാണ്'; റിലീസിന്റെ തലേന്ന് കോരിത്തരിപ്പിച്ച് പ്രീറിലീസ് ടീസര്‍
Entertainment news
'സാറെ ക്രിസ്റ്റഫര്‍ പ്രശ്‌നമാണ്'; റിലീസിന്റെ തലേന്ന് കോരിത്തരിപ്പിച്ച് പ്രീറിലീസ് ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th February 2023, 7:10 pm

നാളെ റിലീസാകുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പ്രീറിലീസ് ടീസര്‍ പുറത്തുവിട്ടു. ടീസര്‍ ആരംഭിക്കുന്നത് ഷൈന്‍ ടോം ചാക്കോയിലൂടെയാണ്. ആരാണ് ക്രിസ്റ്റഫര്‍ എന്ന ആകാംക്ഷ വര്‍ധിപ്പിക്കുന്ന ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്.

ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടുകൂടിയാണ് ക്രിസ്റ്റഫര്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണിത്.

മാസ് ആക്ഷന്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. 2010ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ ക്യാരക്ടറായി തന്നെയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും ആദ്യമായി മലയാളത്തില്‍ എത്തുന്നുണ്ട്.

ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടെത്തുന്നുണ്ട്.

content highlight: christopher movie pre release teaser out