മോദിയുടെ ജാക്കറ്റ് പ്രകീര്‍ത്തനം, ഒരേ സമയത്തുള്ള ഒരേ സ്‌ക്രീന്‍ ഷോട്ട്; 'ഗോദി മീഡിയ' മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകള്‍ എയറില്‍
national news
മോദിയുടെ ജാക്കറ്റ് പ്രകീര്‍ത്തനം, ഒരേ സമയത്തുള്ള ഒരേ സ്‌ക്രീന്‍ ഷോട്ട്; 'ഗോദി മീഡിയ' മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകള്‍ എയറില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2023, 6:23 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച പാര്‍ലമെന്റിലെത്തിയപ്പോള്‍ ധരിച്ച ജാക്കറ്റിനെക്കുറിച്ച് ബി.ജെ.പി അനുകൂലികള്‍ നടത്തുന്ന വാഴ്ത്തുപാട്ടുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ചില മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് നിര്‍മിച്ച ഇളം നീല നിറമുള്ള ജാക്കറ്റ് പ്രകൃതി സൗഹൃദമാണെന്നാണ് വാദം.

ബെംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഊര്‍ജവാരം പരിപാടിയില്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണീ ജാക്കറ്റ്. ദേശീയ ടി.വി. ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരും വിഷയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഈ ട്വീറ്റുകളിലെ സാമ്യതയിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍.

പല്ലവി ഘോഷ്, അനൂപ് കുമാര്‍, വികാസ് ബദൗരി, കുമാര്‍ ഗൗരവ്, രവി ചതുര്‍വേദി തുടങ്ങിയ ദേശീയ ടി.വി ചാനലുകളിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഒരേ സമയത്ത്, ഒരേ ക്യാപ്ഷനില്‍ ജാക്കറ്റ് ധരിച്ച് മോദി പാര്‍മെന്റില്‍ സംസാരിക്കുന്ന ചിത്രമാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിട്ടുള്ളത്. എല്ലാവര്‍ക്കും ഒരുമിച്ച് ഏത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് മുഹമ്മദ് സുബൈര്‍ ചോദിച്ചു.

‘പ്രധാനമന്ത്രി മോദി ജാക്കറ്റ് ധരിച്ചത് ട്വീറ്റ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍. അവര്‍ ഒരേ സ്‌ക്രീന്‍ഷോട്ടാണ് ഉപയോഗിച്ചത്. സ്‌ക്രീന്‍ഷോട്ടിലെ സമയം 11:30 ആണെന്നും ശ്രദ്ധിക്കുക. എല്ലാവരും ഒരേ സമയം സ്‌ക്രീന്‍ഷോട്ട് എടുത്തോ? അതോ ഏതോ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അവര്‍ക്ക് അയച്ചതാണോ?,’ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജാക്കറ്റ് സമ്മാനിച്ചത്. ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയായിരുന്നു പ്രധാനമന്ത്രിക്ക് ജാക്കറ്റ് സമ്മാനിച്ചത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ‘അണ്‍ബോട്ടില്‍ഡ്’ എന്ന പദ്ധതിക്ക് കീഴില്‍ ജീവനക്കാര്‍ക്ക് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മിച്ച യൂണിഫോം നേരത്തെ നല്‍കാന്‍ തീരുമാനിച്ചിരുന്നു.