ക്രിസ്തുമസും ന്യൂയറും ആഘോഷമാക്കാന്‍ മഞ്ജുവും പൃഥ്വിയും ജയസൂര്യയും കൂടെ ഷെയ്ന്‍ നിഗവും; വെള്ളിയാഴ്ച തിയേറ്ററില്‍ എത്തുന്നത് ഈ സിനിമകള്‍
Malayalam Cinema
ക്രിസ്തുമസും ന്യൂയറും ആഘോഷമാക്കാന്‍ മഞ്ജുവും പൃഥ്വിയും ജയസൂര്യയും കൂടെ ഷെയ്ന്‍ നിഗവും; വെള്ളിയാഴ്ച തിയേറ്ററില്‍ എത്തുന്നത് ഈ സിനിമകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th December 2019, 1:36 pm

കൊച്ചി: വീണ്ടുമൊരു ക്രിസ്തുമസ് – ന്യൂയര്‍കാലം എത്തിയിരിക്കുകയാണ്. 2019 ന്റെ അവസാനവും 2020 ന്റെ തുടക്കവും ആഘോഷിക്കാന്‍ സിനിമ മേഖലയും ഒരുങ്ങി കഴിഞ്ഞു. നിരവധി ചിത്രങ്ങളാണ് ക്രിസ്തുമസ് റിലീസായി എത്തുന്നത്.

ഈ പ്രാവശ്യത്തെ ക്രിസ്തുമസിന് മത്സരിക്കാന്‍ മോഹന്‍ലാല്‍ ചിത്രമില്ല. മമ്മൂട്ടിയുടെ മാമാങ്കം ഒരാഴ്ചമുമ്പേ തിയേറ്ററുകളില്‍ എത്തുകയും ചെയ്തു. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി പേരുടെ സിനിമകളാണ് തിയേറ്ററുകളില്‍ ക്രിസ്തുമസിന് എത്തുന്നത്.

ഈ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

  • പ്രതി പൂവന്‍കോഴി

ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി. സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് ടീസര്‍ തരുന്ന സൂചന.

പത്രത്തിന് ശേഷം മഞ്ജുവിന്റെ ഒരു മാസ് കഥാപാത്രമായിരിക്കും ഇതെന്നാണ് ആരാധകര്‍ പറയുന്നത്. മാധുരി എന്ന കഥാപാത്രത്തിനെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഉണ്ണി ആറിന്റെ പ്രതി പൂവന്‍ കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ആ നോവല്‍ അല്ലായെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു.

അനുശ്രീ, റോഷന്‍ ആന്‍ഡ്രൂസ്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  • വലിയ പെരുന്നാള്‍

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ഡിമല്‍ ഡെന്നീസ് രചനയും സംവിധാനം നിര്‍വഹിക്കുന്ന വലിയ പെരുന്നാളാണ് ക്രിസ്തുമസിന് എത്തുന്ന മറ്റൊരു ചിത്രം. ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരിയില്‍ ജീവിക്കുന്ന ഒരു പിടി ആളുകളും, അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളും, ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവവികാസങ്ങളും ആണ് വലിയപെരുന്നാളിന്റെ പ്രധാന പ്രമേയം.

ആദ്യമായിട്ടാണ് ഷെയ്ന്‍ നിഗം ഒരു ഡാന്‍സാറായി അഭിനയിക്കുന്നത്. ചിതത്തിന്റെ തിരക്കഥ സംവിധായകനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രം കൂടിയാണ് വലിയപെരുന്നാള്‍. ഷെയ്‌നിന് പുറമെ വിനായകന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 

  • ഡ്രൈവിംഗ് ലൈസന്‍സ്

ഒരു സൂപ്പര്‍ താരത്തിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറുമൂടിനെയും നായകരാക്കി ജീന്‍പോള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ.

ദീപ്തി സതിയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക. സുരാജിന്റെ നായികയായി മിയയും എത്തുന്നുണ്ട്.

  • തൃശ്ശൂര്‍ പൂരം

ആടിന് ശേഷം ഫ്രൈഡെ ഫിലിംസ് ജയസൂര്യയെ നായകനാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് തൃശ്ശൂര്‍ പൂരം. സംഗീതസംവിധായകന്‍ രതീഷ് വേഗ കഥയും തിരക്കഥയും രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രാജേഷ് മോഹനനാണ്. സാബു മോന്‍, സ്വാതി റെഢി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  • മൈ സാന്റാ

ദിലീപിനെ നായകനാക്കി സുഗിത് സംവിധാനം ചെയ്യുന്ന മൈ സാന്റയും വെള്ളിയാഴ്ച റിലീസ് ചെയ്യും

  • അവന്‍ ശ്രീമന്‍ നാരായണ

കഴിഞ്ഞ ക്രിസ്തുമസിന് കന്നഡയില്‍ നിന്ന് എത്തിയ കെ.ജി.എഫ് മികച്ച വിജയം നേടിയിരുന്നു. ഈ ക്രിസ്തുമസിനും ഒരു കന്നഡ ചിത്രം മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുന്നുണ്ട്. നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി നായകനാവുന്ന അവന്‍ ശ്രീമന്‍ നാരായണയാണ് റിലീസിന് എത്തുന്ന ചിത്രം.

  • തമ്പി

കാര്‍ത്തിയെയും ജ്യോതികയെയും പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് തമ്പി.


നടന്‍ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വിയാകോം 18 സ്റ്റുഡിയോസിനൊപ്പം ജ്യോതികയുടെ സഹോദരന്‍ സുരാജ് സദാനയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

DoolNews Video