തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച നടനാണ് വിക്രം, ബാല സംവിധാനം ചെയ്ത സേതുവിലൂടെ തമിഴില്‍ ശ്രദ്ധേയനായി. കൊമേഴ്സ്യല്‍ സിനിമകളിലൂടെയും കണ്ടന്റ് വാല്യൂവുള്ള സിനിമകളിലൂടെയും തമിഴിലെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറുന്ന താരത്തിനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്. പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിയാന്‍ സ്വന്തമാക്കി.
കരിയറില്‍ മികച്ച പ്രകടനം നടത്തിയിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് വിക്രം. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര എന്ന സിനിമ താന്‍ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത ഒന്നാണെന്ന് താരം പറഞ്ഞു. ആ സിനിമയില്‍ തന്നെ ചോദ്യം ചെയ്യുന്ന ഒരു സീനുണ്ടെന്നും സിംഗിള്‍ ഷോട്ടായാണ് അത് ഷൂട്ട് ചെയ്തതെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.
തനിക്ക് പുറമെ വേറെ അഞ്ച് ആര്‍ട്ടിസ്റ്റുകള്‍ ആ സീനിലുണ്ടായിരുന്നെന്നും അവരോട് മനസില്‍ സംസാരിക്കുന്ന സീന്‍ ഒരുപാട് ബുദ്ധിമുട്ടിയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. മറ്റ് ആര്‍ട്ടിസ്റ്റുകളുടെ കൂടെ അവരുടെ രീതിയില്‍ സംസാരിക്കുകയാണ് വേണ്ടതെന്നും അത് ശരിയായി വരാന്‍ നല്ല സമയമെടുത്തെന്നും വിക്രം പറഞ്ഞു. ബീര്‍ ബൈസെപ്‌സിനോട് സംസാരിക്കുകയായിരുന്നു ചിയാന്‍ വിക്രം.
‘കോബ്ര എന്ന സിനിമക്ക് വേണ്ടി ഞാന്‍ കുറച്ചധികം കഷ്ടപ്പെട്ടിട്ടുണ്ട്. അതിലെ ആക്ഷന്‍ സീനും മറ്റും നല്ല പാടായിരുന്നു. ആ സിനിമയില്‍ ഒരു ഇന്ററോഗേഷന്‍ സീനുണ്ട്. എന്റെ മനസില്‍ കുറച്ച് ആള്‍ക്കാരോട് സംസാരിക്കുന്ന ഒരു പോര്‍ഷനുണ്ട്. സിംഗിള്‍ ഷോട്ടാണ് ആ സീന്‍. എന്റെ കഥാപാത്രത്തിന്റെ അമ്മ, ടീച്ചര്‍, പിന്നെ ഒരു കോമഡി ക്യാരക്ടര്‍, എന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആര്‍ട്ടിസ്റ്റ്. ഇത്രയും പേരാണ് ആ സീനിലുള്ളത്.
ഇവര്‍ സംസാരിക്കുന്ന അതേ ഡയലോഗ് സെയിം ടൈമിങ്ങില്‍ ഞാനും പറയണം. അവരുടെ രീതിയില്‍ തന്നെയാണ് ആ ഡയലോഗ് പറഞ്ഞിട്ടുള്ളത്. ആ മിമിക്രി സ്റ്റൈലില്‍ അടുത്തടുത്ത് എല്ലാവരുടെയും ഡയലോഗ് ഞാന്‍ പറയേണ്ട സീനാണ് അത്. ആ സീന്‍ പെര്‍ഫക്ടായി വരാന്‍ നല്ലവണ്ണം കഷ്ടപ്പെട്ടു, പക്ഷേ, പ്രേക്ഷകര്‍ക്കിടയില്‍ ആ പടം വിചാരിച്ചതുപോലെ വര്‍ക്കായില്ല,’ വിക്രം പറഞ്ഞു.
ഇമൈക്ക നൊടികള്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അജയ് ജ്ഞാനമുത്തു ഒരുക്കിയ ചിത്രമാണ് കോബ്ര. വന്‍ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് റിലീസിന് മുമ്പ് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ തിരക്കഥയിലെ പാളിച്ച കാരണം ബോക്‌സ് ഓഫീസില്‍ കോബ്ര പരാജയമായി മാറി. എ.ആര്‍. റഹ്‌മാനായിരുന്നു ചിത്രത്തിന്റെ സംഗീതം.
Content Highlight: Chiyaan Vikram about the single shot scene in Cobra movie