സല്‍മാന്‍ ഖാനൊപ്പം ചുവടുവച്ച് മെഗാസ്റ്റാര്‍; ദൃശ്യവിരുന്ന് ഉറപ്പെന്ന് താരം
Entertainment news
സല്‍മാന്‍ ഖാനൊപ്പം ചുവടുവച്ച് മെഗാസ്റ്റാര്‍; ദൃശ്യവിരുന്ന് ഉറപ്പെന്ന് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th July 2022, 9:52 am

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2019 പുറത്തുവന്ന ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം ഡാന്‍സ് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയിപ്പോള്‍. ട്വിറ്ററിലാണ് അദ്ദേഹം ഗാന രംഗത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഗോഡ്ഫാദറിന് വേണ്ടി ഭായിക്കൊപ്പം ചുവടുവെക്കുന്നു, ഒന്നാംതരം ദൃശ്യ വിരുന്ന് തന്നെയായിരിക്കും ഇതെന്നാണ് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. പ്രഭു ദേവയാണ് ചിത്രത്തിന്റെ
കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. തമന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോഹന്‍രാജയാണ്.

കൊണിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയാണ് ഗോഡ്ഫാദറില്‍ എത്തുന്നത്. സത്യദേവ് കാഞ്ചരണ, ഗംഗവ്വ, പുരി ജഗനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നു വമ്പന്‍ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചിരുന്നത്. കറുത്ത വിന്റേജ് ബെന്‍സില്‍ വന്നിറങ്ങുന്ന നായകനയായിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്.

ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും വ്യത്യസ്തമായ ഖദര്‍ ഷര്‍ട്ടിനും വെള്ള മുണ്ടിനും പകരം കറുത്ത ജുബ്ബയായിരുന്നു ഗോഡ്ഫാദറിലെ ചിരഞ്ജീവിയുടെ വേഷം.


റീമേക്ക് സംവിധാനം ചെയ്യാന്‍ ചിരഞ്ജീവി ആദ്യം സമീപിച്ചത് പൃഥ്വിരാജിനെ തന്നെ ആയിരുന്നു എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍ കാരണം പൃഥിക്ക് അതിന് കഴിഞ്ഞില്ല. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായിട്ടാകും ചിത്രം ഒരുക്കുക എന്നും മോഹന്‍രാജ പറഞ്ഞിരുന്നു.

Content Highlight : Telung superstar Chiranjeevi Dance with Salman khan in Godfather movie behind the scene picture gone viral on social media