ബെഗളൂരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തില്‍ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂര്‍ണമായും ആര്‍.സി.ബി (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു)ക്കാണെന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കര്‍ണാടക സി.ഐ.ഡിയാണ് കുറ്റപത്രം തയ്യാറാക്കിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐ.പി.എല്ലില്‍ കന്നി ക്രിക്കറ്റ് കിരീടം ലഭിച്ചത് ആഘോഷിക്കാനായി ചിന്ന സ്വാമി സ്‌റ്റേഡിയത്തിലെത്തിയ ആരാധകര്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട സംഭവത്തിലാണ് കുറ്റപത്രം.
ജൂണ്‍ നാലിന് വൈകുന്നേരമായിരുന്നു ആള്‍ക്കൂട്ട ദുരന്തമുണ്ടായത്. സംഭവത്തില്‍ 11 പേരാണ് മരണപ്പെട്ടത്.
പരിപാടി സംഘടിപ്പിച്ച് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഡി.എന്‍.എയ്ക്കും കെ.എസ്.സി.എയ്ക്കും കൂട്ടുത്തരവാദിത്തമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തിയ ഏകാംഗ കമ്മീഷനും ആര്‍.സി.ബിയുടെ ഉത്തരവാദിത്തമില്ലാത്ത നടപടികളാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് പ്രകാരം ആര്‍.സി.ബി മതിയായ സുരക്ഷാ സംവിധാനങ്ങളോ മുന്നൊരുക്കങ്ങളോ നടത്തിയിരുന്നില്ലെന്ന് വിശദീകരിച്ചിരുന്നു.
ഐ.പി.എല്‍ ഫൈനല്‍ നടക്കുന്നതിന് മുമ്പ് തന്നെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയാഘോഷം നടത്താനായി അനുമതി ആര്‍.സി.ബി അധികൃതരില്‍ നിന്നും തേടിയിരുന്നു. ഫൈനലില്‍ ആര്‍.സി.ബി വിജയിച്ചതോടെ ബംഗളൂരു നഗരത്തിലാകെ ആഘോഷ പരിപാടികള്‍ നടന്നിരുന്നു. പൊലീസ് സുരക്ഷയൊരുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ജനങ്ങള്‍ കൂട്ടത്തോടെയെത്തിയതും പിന്നീട് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ വഴിമാറിയതും. അധികൃതരുടെ വിലക്ക് ലംഘിച്ച് നടത്തിയ പരേഡിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് ആര്‍.സി.ബി പ്രഖ്യാപിച്ചിരുന്നു.