ഇന്ത്യയിലെ മികച്ച പിന്നണിഗായികമാരില്‍ ഒരാളാണ് ചിന്മയി. തമിഴില്‍ കരിയര്‍ ആരംഭിച്ച ചിന്മയി ഏഴ് ഭാഷകളിലായി 500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൂന്ന് വട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം ചിന്മയിയെ തേടിയെത്തിയിരുന്നു. വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
റെക്കോഡിങ് സ്റ്റുഡിയോയില്‍ വെച്ച് കരയേണ്ടി വന്ന അനുഭവത്തെക്കുറിച്ച് സംസാരിക്കുയാണ് ചിന്മയി. എ.ആര്‍. റഹ്‌മാന്‍ ഈണം നല്‍കിയ എന്നുയിര്‍ തോഴിയേ എന്ന ഗാനം പാടുന്നതിന് മുമ്പ് തനിക്ക് കരച്ചില്‍ വന്നെന്ന് ചിന്മയി പറഞ്ഞു. ആ പാട്ട് റെക്കോഡ് ചെയ്യുന്നതിന് മുമ്പ് റഹ്‌മാന്‍ അദ്ദേഹത്തിന്റെ കീബോര്‍ഡില്‍ പാട്ടിന്റെ രാഗം പ്ലേ ചെയ്‌തെന്നും അത് തനിക്ക് പറഞ്ഞറിയിക്കാനാകാത്ത അനുഭവം തന്നെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.
താന്‍ അത് കേട്ട് കരഞ്ഞെന്നും സ്റ്റുഡിയോയില്‍ തന്റെ കരച്ചില്‍ കേട്ടെന്നും അവര്‍ പറയുന്നു. താന്‍ ഓക്കെയാണോ എന്ന് റഹ്‌മാന്‍ ചോദിച്ചെന്നും കുറച്ച് നേരം വിശ്രമിക്കാന്‍ പറഞ്ഞെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു. ആ രാഗത്തിന്റെ പ്രത്യേകത കാരണമാണ് താന്‍ കരഞ്ഞതെന്നും ചിന്മയി പറയുന്നു. ആ അനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും അവര്‍ പറയുന്നു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ചിന്മയി.
‘റെക്കോഡിങ് സ്റ്റുഡിയോയില്‍ വെച്ച് കരഞ്ഞ അനുഭവമുണ്ടായിട്ടുണ്ട്. ‘എന്‍ ഉയിര്‍ തോഴിയേ’ എന്ന പാട്ട് റെക്കോഡ് ചെയ്യുന്ന സമയത്തായിരുന്നു അത് നടന്നത്. ആ പാട്ട് റെക്കോഡ് ചെയ്യുന്നത്‌ന് മുമ്പ് അതിന്റെ രാഗം റഹ്‌മാന്‍ സാര്‍ കീബോര്‍ഡില്‍ പ്ലേ ചെയ്തു. അത് കേട്ടതും എനിക്ക് എന്തെന്നില്ലാത്ത ഒരു അനുഭവമുണ്ടായി.
എന്റെ കണ്ണൊക്കെ നിറഞ്ഞു, പിന്നീട് കരച്ചില്‍ അടക്കാന്‍ പറ്റാതെ പൊട്ടിക്കരഞ്ഞു. കരയുന്നതിന്റെ ശബ്ദം കേട്ട് അദ്ദേഹം എന്നോട് സംസാരിച്ചു. ഓക്കെയാണോ എന്ന് ചോദിച്ചു. ‘പുറത്തേക്കിറങ്ങി റെസ്റ്റെടുത്ത് ഒരു കാപ്പി കുടിച്ചിട്ട് വരൂ’ എന്ന് റഹ്‌മാന്‍ സാര്‍ പറഞ്ഞു. ആ രാഗത്തിന്റെ പ്രത്യേകത കാരണമാണ് അന്ന് കരഞ്ഞത്,’ ചിന്മയി പറയുന്നു.
ഭാരതിരാജ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ കണ്‍കളാല്‍ കൈതു സെയ് എന്ന ചിത്രത്തിലാണ് ഈ ഗാനമുള്ളത്. വസീഗരന്‍, പ്രിയാമണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്.
Content Highlight: Chinmayi shares the unforgettable recording experience in her career