ശല്യമൊഴിഞ്ഞെന്ന് പതിവ് ശൈലിയിൽ പ്രതികരണം; പിന്നാലെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടതിന് ട്രംപിന്റെ വിശ്വസ്തർക്ക് ഉപരോധവുമായി ചൈന
World News
ശല്യമൊഴിഞ്ഞെന്ന് പതിവ് ശൈലിയിൽ പ്രതികരണം; പിന്നാലെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടതിന് ട്രംപിന്റെ വിശ്വസ്തർക്ക് ഉപരോധവുമായി ചൈന
ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 6:15 pm

ബെയ്ജിങ്ങ്: അമേരിക്കൻ പ്രസിഡന്റ് പദവിയിൽ നിന്ന് ഡൊണാൾഡ് ട്രംപ് പുറത്തുപോയതിന് പിന്നാലെ പതിവ് ശൈലിയിൽ ഒരു ശല്യമൊഴിഞ്ഞെന്ന പ്രതികരണവുമായി ചൈന. നേരത്തെ യു.എൻ.സെക്യൂരിറ്റി കൗൺസിലിൽ നിന്ന് ജർമ്മനി പുറത്തുപോയപ്പോഴും ഒരു ശല്യമൊഴിഞ്ഞു എന്നായിരുന്നു ചൈനയുടെ പ്രതികരണം

ഇതിനു പുറമെ ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടു എന്ന് കാണിച്ച് മുൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഉൾപ്പെടെ ഡൊണാൾഡ് ട്രംപിന്റെ 28 വിശ്വസ്ത ഉദ്യോ​ഗസ്ഥർക്ക് നേരെ ചൈന ഉപരോധവും ഏർപ്പെടുത്തി.

രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നുകയറിയതിനെതിരെയാണ് നടപടിയെന്നാണ് ചൈന വ്യക്തമാക്കിയത്.

ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്​ടാവ്​ പീറ്റർ നവാരോ, ​ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ റോബർട്ട്​ ഒബ്രിയൻ, മുതിർന്ന പൂർവേഷ്യ നയതന്ത്രജ്​ഞൻ ഡേവിഡ്​ സ്റ്റിൽവെൽ, ​ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്​ടാവ്​ മാത്യു പോട്ടിങ്​ഗർ, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്​സ്​ അസർ, സാമ്പത്തിക വികസന അണ്ടർ സെക്രട്ടറി കീത്ത്​ ക്രാച്ച്​, യു.എൻ അംബാസഡർ കെല്ലി ക്രാഫ്​റ്റ്​, ദേശീയ സുരക്ഷാ ഉപദേഷ്​ടാവായിരുന്ന ജോൺ ബോൾട്ടൺ, ചീഫ്​ സ്​ട്രാറ്റജിസ്റ്റ്​ സ്റ്റീവ്​ ബാനൺ എന്നിവരും വിലക്ക്​ നേരിടുന്നവരിൽ പെടും.

അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെ ഉയി​ഗർ മുസ്‌ലിം വിഷയത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. ചൈനയിൽ ഉയി​ഗർ മുസ്‌ലിങ്ങൾക്കു നേരെ വംശഹത്യ നടക്കുന്നുണ്ടെന്നായിരുന്നു പോംപിയോ പ്രതികരിച്ചത്.
വഷളായ യു.എസ്-ചൈന ബന്ധം വീണ്ടെടുക്കുന്നതിൽ ബൈഡൻ ശ്രദ്ധ ചെലുത്തുമോ എന്ന ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് ഉയി​ഗർ വിഷയത്തിൽ പോംപിയോയുടെ പ്രതികരണം വരുന്നത്. കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്ന് പുറത്തുവന്നതാകാം എന്ന പോംപിയോയുടെ പ്രസ്താവനയും വലിയ വിവാദത്തിലായിരുന്നു. പോംപിയോയുടെ പ്രസ്താവനയോട് ശ്രീമാൻ നുണയന്റെ ഒടുക്കത്തെ ഭ്രാന്ത് എന്നാണ് ചൈന പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: China sanctions Pompeo, other Trump administration officials