കൊവിഡ് 19; ചൈനീസ് സാമ്പത്തിക മേഖല കുത്തനെ താഴേക്ക്, ആദ്യപാദത്തില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള ജി.ഡി.പി ഇടിവ്
COVID-19
കൊവിഡ് 19; ചൈനീസ് സാമ്പത്തിക മേഖല കുത്തനെ താഴേക്ക്, ആദ്യപാദത്തില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള ജി.ഡി.പി ഇടിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2020, 11:26 am

ബീജിംഗ്: കൊവിഡ്-19 പ്രതിസന്ധി കാരണം ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ വലിയ ഇടിവ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വളര്‍ച്ചയുടെ ആദ്യപാദത്തില്‍ ജി.ഡി.പി 6.8 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 1992 ല്‍ ചൈനയില്‍ സാമ്പത്തിക വളര്‍ച്ചയുടെ ത്രൈമാസക്കണക്ക് രേഖപ്പെടുത്തുന്നത് തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇത്ര വലിയ ഇടിവ് വരുന്നത്.

കഴിഞ്ഞ വര്‍ഷം അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലും 6.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ചൈനയ്ക്കായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചൈനയിലെ ശരാശരി സാമ്പത്തിക വളര്‍ച്ച ശരാശരി 9 ശതമാനമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബര്‍ അവസാനം മുതല്‍ കൊവിഡ് പടര്‍ന്നു പിടിച്ച ചൈനയില്‍ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ബിസിനസ് രംഗം സ്തംഭിച്ചതുമാണ് ജി.ഡി.പി വളര്‍ച്ച താഴേക്ക് പോവാന്‍ കാരണം. ഇതു കൂടാതെ ഇടിവിന് കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നവ ഇവയാണ്.

മാര്‍ച്ചില്‍ ഫാക്ടറി ഉല്‍പാദനം 1.1 ശതമാനം ഇടിഞ്ഞു, ചില്ലറവില്‍പ്പന 15.8 ശതമാനം ഇടിഞ്ഞു. വളരെയധികം ആളുകള്‍ വീടുകളില്‍ തന്നെ കഴിഞ്ഞതാണ് ഇതിനു കാരണ, ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായിരുന്നു. മാര്‍ച്ചില്‍ 5.9 ശതമാനം ആണ്.

ചൈനയില്‍ കൊവിഡ് നിയന്ത്രണ വിധേയമായെങ്കിലും മറ്റ് രാജ്യങ്ങളില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ ചൈനയുടെ ആഗോളവ്യാപാരത്തിന് ഇടിവു സംഭവിച്ചിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയില്‍ ഇടിവ് സംഭവിക്കുന്നത് മറ്റ് രാജ്യങ്ങള്‍ക്കും ആശങ്കാജനകമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ