വാഷിങ്ടണ്‍: ഹാര്‍വാര്‍ഡിലെ വിദേശവിദ്യാര്‍ത്ഥികളുടെ പഠനം തടഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി ചൈന. ട്രംപിന്റെ ഈ പ്രവര്‍ത്തി അമേരിക്കയുടെ ആഗോള നിലവാരത്തെ പോലും ദോഷകരമായി ബാധിക്കുമെന്നും ചൈനീസ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഹാര്‍വാര്‍ഡില്‍ നിന്ന് പുറത്താക്കപ്പെടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഹോങ്കോങ് സര്‍വലാശാല സ്വീകരിക്കാന്‍ തയ്യാറാണന്നും ചൈന അറിയിച്ചിട്ടുണ്ട്.
ഹോങ്കോങ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. ലളിതമാക്കിയ പ്രവേശനങ്ങള്‍, അക്കാദമിക് പിന്തുണ എന്നിവ നല്‍കുമെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് ചൈനീസ് വിദ്യാര്‍ത്ഥികളെയാണ്. ഹാര്‍വാര്ഡിലെ വിദേശവിദ്യാര്‍ത്ഥികളില്‍ കൂടുതലും ചൈനയില്‍ നിന്നുള്ളവരാണ്. 2024ലെ എന്റോള്‍മെന്റ് ഡാറ്റ പ്രകാരം 6703 വിദേശവിദ്യാര്‍ത്ഥികളില്‍ 1203 പേര്‍ ചൈനയില്‍ നിന്നുള്ളവരാണ്.
യു.എസുമായുള്ള വിദ്യാഭ്യാസ സഹകരണം പരസ്പരം പ്രയോജനകരമാണെന്നും എന്നാല്‍ വിദ്യഭ്യാസത്തെ രഷ്ട്രീയവല്‍ക്കരിക്കുന്നതിനെ ചൈന എതിര്‍ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ബീജിങ്ങില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ വിദേശത്തുള്ള ചൈനീസ് വിദ്യാര്‍ത്ഥികളുടെയും സ്‌കോളര്‍മാരുടെയും അവകാശങ്ങളും താത്പര്യങ്ങളും ചൈന ശക്തമായി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് എങ്ങനെയെന്ന് വ്യക്തമല്ല.
ട്രംപിന്റെ നിര്‍ദേശങ്ങള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല പാലിക്കാത്ത സാഹചര്യത്തിലാണ് ഹാര്‍വാര്‍ഡിനെതിരെ ട്രംപ് ഭരണകൂടം പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇപ്പോള്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ മറ്റ് സര്‍വകലാശാലയിലേക്ക് മാറണമെന്നാണ് നിര്‍ദേശം. ഇല്ലാത്തപക്ഷം ഈ വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് വിസ റദ്ദാക്കും.
സര്‍വകലാശാലയിലെ 6800 വിദേശവിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നതാണ് ഭരണകൂടത്തിന്റെ നടപടി. സര്‍വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27%പേരും വിദേശ വിദ്യാര്‍ത്ഥികളാണ്. ഏകദേശം 140 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഹാര്‍വാര്‍ഡില്‍ പഠിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള 788 വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ട്.