മതവും ജാതിയും ഇല്ലാത്ത കുട്ടികള്‍ നാളെയുടെ വാഗ്ദാനം: ജസ്റ്റിസ് വി.ജി. അരുണ്‍
Kerala
മതവും ജാതിയും ഇല്ലാത്ത കുട്ടികള്‍ നാളെയുടെ വാഗ്ദാനം: ജസ്റ്റിസ് വി.ജി. അരുണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th July 2025, 4:18 pm

കൊച്ചി: മതപരമായ ലേബലുകളില്ലാത്ത കുട്ടികളാണ് നാളെയുടെ വാഗ്ദാനമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണ്‍. കുട്ടികളുടെ സ്‌കൂള്‍ രേഖകളില്‍ മതം രേഖപ്പെടുത്താത്ത മാതാപിതാക്കളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത്തരത്തില്‍ മതത്തിന്റെ പിന്‍ബലമില്ലാത്ത കുട്ടികളാണ് ഭാവിയില്‍ വ്യവസ്ഥയ്‌ക്കെതിരായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ യുക്തിവാദിയായ പവനനെ അനുസ്മരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു യുക്തിവാദി എഴുത്തുകാരനായ വൈശാഖനേയും ചടങ്ങില്‍ ആദരിച്ചു. പവനനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ പിതാവ് കുറച്ചുകാലം അനിലന്‍ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്നതെന്നും ജസ്റ്റിസ് അരുണ്‍ ഓര്‍ത്തെടുത്തു.

സാമൂഹിക മാനദണ്ഡങ്ങളെ ധൈര്യപൂര്‍വ്വം ചോദ്യം ചെയ്യാന്‍ കഴിയുന്ന പവനന്‍, വൈശാഖന്‍ തുടങ്ങിയ വ്യക്തികള്‍ ഇന്നത്തെ കാലത്ത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘മത കോളം പൂരിപ്പിക്കാതെ നിങ്ങളുടെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ചതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. കാരണം ഈ കുട്ടികള്‍ നാളത്തെ വാഗ്ദാനങ്ങളാണ്. മറ്റുള്ളവര്‍ ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഇവരായിരിക്കും,’ ജസ്റ്റിസ് അരുണ്‍ പറഞ്ഞു.

മതവിശ്വാസമില്ലാത്തതിനാല്‍ ഇ.ഡബ്ല്യു.എസ് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കാനാവില്ലെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് വി.ജി. അരുണായിരുന്നു. പ്ലസ് ടു പാസായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രവേശനത്തിനായി മതേതര വിഭാഗത്തില്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേസിലായിരുന്നു ഇത്‌.

കൂടാതെ മറ്റൊരു വിധിയില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ മതം ചേഞ്ച് ചെയ്യാന്‍ അനുവദിക്കണമെന്നും ആരേയും മതത്തില്‍ മാത്രം കെട്ടിയിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രകടനങ്ങളുടെ പേരിലുള്ള നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള അശ്ലീലവും മോശവുമായ പോസ്റ്റുകള്‍ വഴി എങ്ങനെയാണ് മലയാളികള്‍ക്ക് സ്വന്തം ഭാഷയെ തന്നെ ചീത്തയാക്കാന്‍ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Children raised without religion are the hope for future: Justice VG Arun