ആര്‍ക്കാണ് കിട്ടിയത്? മകന് ഇ.ഡി സമന്‍സെന്ന വിവാദം നനഞ്ഞ പടക്കമെന്ന് മുഖ്യമന്ത്രി
Kerala
ആര്‍ക്കാണ് കിട്ടിയത്? മകന് ഇ.ഡി സമന്‍സെന്ന വിവാദം നനഞ്ഞ പടക്കമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2025, 7:36 pm

തിരുവനന്തപുരം: മകന്‍ വിവേക് വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് ലഭിച്ചെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍ക്കാണ് അങ്ങനെയൊരു സമന്‍സ് കിട്ടിയതെന്ന് ചോദിച്ച മുഖ്യമന്ത്രി ഈ ആരോപണം നനഞ്ഞ പടക്കമാണെന്ന് പരിഹസിച്ചുതള്ളി. തിങ്കളാഴ്ച മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ഏതെങ്കിലും തരത്തില്‍ മകന് ഉത്തരവാദിത്തമില്ല. മുഖ്യമന്ത്രിയോ ക്ലിഫ് ഹൗസോ അങ്ങനെയൊരു സമന്‍സ് കണ്ടിട്ടില്ല. മകന്‍ പോലും ഇത്തരത്തിലുള്ളൊരു സമന്‍സിനെ കുറിച്ച് കേട്ടിട്ടില്ല.

എന്നിട്ടും ഒരു പത്രത്തിന് എങ്ങനെയാണ് ഈ സമന്‍സിനെ കുറിച്ചുള്ള വിവരം കിട്ടിയത്. വൈകാതെ തന്നെ പ്രതിപക്ഷനേതാവ് ഇതിനോട് പ്രതികരിച്ചു. ഇതൊക്കെ എങ്ങനെയാണ് സംഭവിച്ചത്’, മുഖ്യമന്ത്രി ചോദിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി തന്ന കളങ്കിതനാക്കാനാണ് ശ്രമങ്ങള്‍. അത് വിജയം കണ്ടില്ല. അതോടെ മകള്‍ക്കെതിരെയായി ആക്രമണങ്ങള്‍, ആ ശ്രമങ്ങള്‍ വിജയിക്കാതിരുന്നതോടെ ഇപ്പോഴിതാ മകന് നേരെ തിരിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ അധികാരകാലത്ത് ആരെങ്കിലും മകനെ കണ്ടിരുന്നോ എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

അധികാര ഇടനാഴിയില്‍ തന്റെ മകനെ ആരെങ്കിലും കണ്ടിട്ടുണ്ടോ, ജോലി, വീട് എന്നതിനപ്പുറം പുറത്തേക്ക് വരാത്തയാളാണ് മകനെന്നും. എല്ലാ മാതാപിതാക്കളെ പോലെ മകനെ ഓര്‍ത്ത് അഭിമാനമാണെന്നും മുഖ്യമന്ത്രി വ്യക്തിപരമായ ആക്രമണങ്ങളോട് പ്രതികരിച്ചു.

കൂടാതെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണത്തെയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. ഇ.ഡി സമന്‍സ് അയച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ ആരോപണങ്ങളെ മുഖവിലയ്‌ക്കെടുത്ത നിലയിലാണ് എം.എ ബേബി പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വസ്തുതത പരിശോധിക്കാതെയുള്ള പ്രതികരണമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ പ്രവര്‍ത്തനം എന്നും സുതാര്യവും കളങ്കമില്ലാത്തതുമാണ്. ഇ.ഡിയുടെ നടപടിയൊന്നും കേരളത്തില്‍ നടപ്പാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ശബരിമല സ്വര്‍ണ മോഷണക്കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് വന്ന ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരല്ല അത് വിലയിരുത്തേണ്ടത്. അന്വേഷണത്തെ ബാധിക്കുന്ന കമന്റ് പറയുന്നത് ശരിയല്ല, വിലങ്ങ് അണിഞ്ഞും അണിയാതെയും ആരൊക്കെ ജയിലില്‍ പോകുമെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Chief Minister says  ED summons for son controversy is a wet firecracker