മലപ്പുറം: പ്രതിപക്ഷ എം.എല്‍.എയ്ക്ക് എതിരെ നിയമസഭയില്‍ ബോഡി ഷെയ്മിങ് നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊലീസില്‍ പരാതി. പെരിന്തല്‍മണ്ണ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
മുസ്‌ലിം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് വാഫി, ജനറല്‍ സെക്രട്ടറി ഫത്താഹ് എന്നിവരുള്‍പ്പടെ 15ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐക്ക് പരാതി നല്‍കിയത്.
നിയമസഭയില്‍ വെച്ച് നജീബ് കാന്തപുരം എം.എല്‍.എയെ മുഖ്യമന്ത്രി അവഹേളിച്ചെന്നാണ് യൂത്ത് ലീഗിന്റെ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് എതിരെ കേസെടുക്കണമെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ തുടര്‍ച്ചയായി നിയമസഭാ സമ്മേളനം തടസപ്പെടുത്തുന്ന പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.
‘എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ എന്ന്. അത്ര ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ലത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റില്ലെന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വനിതാ വാച്ച് ആന്റ് വാര്‍ഡിനെയടക്കം ആക്രമിക്കാന്‍ പോവുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയെ രണ്ടുദിവസം സ്തംഭിപ്പിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ ചോദ്യം ചെയ്ത മുഖ്യമന്ത്രി, പ്രതിപക്ഷം സഭയില്‍ ആവശ്യമുന്നയിക്കാതെ പ്രതിഷേധം നടത്തുകയാണെന്നും വിമര്‍ശിച്ചിരുന്നു. പ്രശ്നം ഉന്നയിച്ചാല്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്തിനാണ് പ്രതിപക്ഷം ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദ്യം ചെയ്തിരുന്നു.
പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ നോക്കുകയാണ്. സര്‍ക്കാര്‍ അതിനെ ഭയക്കുന്നില്ല. വസ്തുതകള്‍ വസ്തുതകളായി തന്നെ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ശബരിമലയില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ പരിശോധന നടത്തി. ദേവസ്വം ബോര്‍ഡും ദേവസ്വം വകുപ്പും കോടതിയില്‍ സ്വീകരിച്ച നിലപാട് വിഷയവുമായി ബന്ധപ്പെട്ട് ഗൗരവമായ പരിശോധനയും അന്വേഷണവും നടക്കണമെന്നതാണ്. ആരുതെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ബോഡി ഷെയ്മിങ്ങിനെതിരെ നജീബ് കാന്തപുരം എം.എല്‍.എ രംഗത്തെത്തിയിരുന്നു. അരോഗ ദൃഢഗാത്രരായ ആളുകള്‍ക്ക് മാത്രമുള്ളതാണോ നിയമസഭയെന്നും ഇ.എം.എസും, വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു.
ഇടത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ആരുടെ അമ്മിക്കടിയിലാണ്. നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കള്‍ ഒന്ന് പരിശോധിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
വിഷയത്തില്‍ എ.ഐ.സി.സി അംഗം വി.ടി ബല്‍റാമും വടകര എം.പി ഷാഫി പറമ്പിലും ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ നേതാക്കളും മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.