പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാന്‍; രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണം: പിണറായി വിജയന്‍
Kerala News
പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാന്‍; രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണം: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 5:07 pm

തിരുവനന്തപുരം: പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം മുടക്കാനുള്ള രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്ദരാകരുത്. അത്തരം രാഷ്ട്രീയ സമരങ്ങളെ രാഷ്ടീയമായി നേരിടണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്നുകാട്ടണം. കേരളത്തിന്റെ വികസനം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നു. ജനങ്ങളെ തന്നെ അതിനെതിരായി അണിനിരത്താനും പ്രതിരോധിക്കാനും കഴിയേണ്ടതുണ്ട്.

മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകും. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല. കേരളം സമഗ്രമായി വികസിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുകയാണ്. അത് മനസിലാക്കിയാണ് ജനം തുടര്‍ഭരണം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാവസായിക, കാര്‍ഷിക, പശ്ചാത്തല വികസന മേഖലകളിലെല്ലാം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് മുന്നേറുന്നത്. ഈ വികസന മുന്നേറ്റം തങ്ങള്‍ക്ക് എന്തോ ദോഷം ചെയ്യും എന്ന് ചിന്തിക്കുന്നവരാണ് യു.ഡി.എഫും ബി.ജെ.പിയും.

എല്‍.ഡി.എഫ് ഏറ്റെടുത്ത വിധം വികസനം നടക്കരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ കാണുന്ന എതിര്‍പ്പുകള്‍. അത് രാഷ്ട്രീയ സമരമാണ്. അതില്‍ നമ്മള്‍ നിശബ്ദരായി ഇരിക്കരുത്. നാടിന്റെ വികസനത്തിന് പല കാര്യങ്ങളിലും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. സഹകരണ മേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉണ്ടാകണം.

കാര്‍ഷിക മേഖലയും വിദ്യാഭ്യാസമേഖലയും ഉയര്‍ന്ന തലങ്ങളിലേക്ക് വളരണം. ടൂറിസവും ഐ.ടി മേഖലയും വികസിക്കണം. അതിനെല്ലാം നിക്ഷേപങ്ങള്‍ നല്ല തോതില്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.