തിരുവനന്തപുരം: കഴിഞ്ഞദിവസം ചോദിച്ച ചോദ്യങ്ങളോട് വ്യക്തമായി പ്രതികരിക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെ താനുന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി എന്ന പേരില്‍ കൃത്യമായ മറുപടി പറയാതെ വസ്തുതാവിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങള്‍ നിരത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാന്‍ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്നും പ്രതിപക്ഷം എന്നാല്‍ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞദിവസം ചോദിച്ച ചോദ്യങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ചാണ് മുഖ്യമന്ത്രി പോസ്റ്റിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം, ലൈഫ് മിഷന്‍ അടക്കമുള്ള 4 മിഷനുകളും പിരിച്ചുവിടുമെന്നാണ് അന്നത്തെ യു.ഡി.എഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.എം. ഹസന്‍ പ്രഖ്യാപിച്ചത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഹസനെ തള്ളിപ്പറയുന്നില്ല?
വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉണ്ടായ, വസ്തുതാവിരുദ്ധമായ എല്ലാ എതിര്‍പ്പുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. തുറമുഖം കമ്മിഷന്‍ ചെയ്തിരിക്കുന്നു. പഴയ നിലപാടില്‍ പ്രതിപക്ഷ നേതാവ് ഉറച്ചു നില്‍ക്കുമോ?
കിഫ്ബി മുഖേന നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉയര്‍ത്തിയിരുന്നത്.
ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടില്‍ അദ്ദേഹം ചില കാര്യങ്ങള്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗര്‍ഭാഗ്യവശാല്‍ അതില്‍ ഉത്തരം കാണുന്നില്ല. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങള്‍ നിരത്തുകയാണ്. ഞാന്‍ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാന്‍ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ.
പ്രതിപക്ഷം എന്നാല്‍ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്. എന്തിനെയും എതിര്‍ക്കുക എന്നത് നയമായി സ്വീകര്‍ച്ചവര്‍ക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാന്‍ കഴിയില്ല. ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.
ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ, കെ-റെയില്‍ എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുന്‍പ് സ്വീകരിച്ചതില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു.
ഇതിനിടെ, മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പരസ്യ സംവാദത്തിന് തയ്യാറാണെന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി. ശബരിമല സ്വര്‍ണപാളികേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത് സഖാക്കളാണെന്നും അവര്‍ ജയിലില്‍ കിടക്കിമ്പോള്‍ കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടും ചോദ്യങ്ങള്‍ ചോദിക്കാനുള്ള തൊലിക്കട്ടി അപാരമാണെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ശക്തമായ നടപടിയെടുത്ത് കോണ്‍ഗ്രസ് തലയുയര്‍ത്തിയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം മുഖ്യമന്ത്രിക്കുള്ള മറുപടിയില്‍ പറഞ്ഞിരുന്നു.
Content Highlight: Chief Minister Pinarayi Vijayan repeatedly questions the opposition leader V.D Satheesan