തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരുമായി സംവാദത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മുഖാമുഖം’ എന്ന പേരില്‍ നടക്കുന്ന പരിപാടിയിലായിരിക്കും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുക.
എറണാകുളം, തൃശൂര്‍, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ പ്രസ് ക്ലബുകളാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്. ഇത് മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.
ഡിസംബര്‍ അഞ്ചിന് എറണാകുളം പ്രസ് ക്ലബില്‍ ആദ്യ മുഖാമുഖം നടക്കും. ശേഷം തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായിരിക്കും പരിപാടി നടക്കുക. മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ഏതൊരു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിരിക്കുമെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം സംവാദം. പ്രധാനമായും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം, ശബരിമല സ്വര്‍ണക്കൊള്ള, പി.എം ശ്രീ പദ്ധതി, ഇ.ഡി സമന്‍സ്, എസ്.ഐ.ആര്‍, മുന്നണിയിലെ അഭിപ്രായ ഭിന്നത, വയനാട് പുനരധിവാസം, മസാലബോണ്ട് കേസ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ യോഗ്യത, വികസന പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംവാദത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.
വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടക്കും. ഇതിനിടെ പ്രസ് ക്ലബുകള്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുക്കും.
Content Highlight: Chief Minister pinarayi vijayan prepares for face-to-face debate with journalists