തിരുവനന്തപുരം: ഇന്ത്യന്‍ സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിന് കേരള സര്‍ക്കാരിന്റെ ആദരം.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മലയാളം വാനോളം ലാല്‍ സലാം എന്ന ചടങ്ങില്‍ മോഹന്‍ലാലിനെ പൊന്നാടയണിയിച്ച് സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മോഹന്‍ലാലിന് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതോടെ ഇന്ത്യന്‍ സിനിമാലോകത്തിന്റെ തന്നെ അധിപനായി താരം മാറിയെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പ്രശംസിച്ചു.

മലയാളത്തിന് അഭിമാനമായ നേട്ടമാണിത്. ഇതിഹാസ താരമാണ് മോഹന്‍ലാല്‍. ശതാബ്ദി ആഘോഷിക്കാനിരിക്കുന്ന മലയാള സിനിമയില്‍ അരനൂറ്റാണ്ടായി നിറഞ്ഞുനില്‍ക്കുകയാണ് താരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോഹന്‍ലാലിനെ ആദരിക്കാനായി കവി പ്രഭാ വര്‍മ രചിച്ച പ്രശസ്തി പത്രം മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും താരത്തിന് സമ്മാനിച്ചു. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത വേദിയില്‍ ആലപിച്ചു.


